കവിത
തിരയെപ്പറ്റി കൂണുകൾക്ക്
പറയാനുള്ളത്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രസാദ് എം .മങ്ങാട്ട്
കൂണുകൾ കുഞ്ഞുറുമ്പിന് കുടപിടിക്കുന്ന കരുതലായിരുന്നിട്ടും
ഉടൽ മുറിവുകൾക്കുമീതെ
തിരയമർന്നപ്പോഴൊന്നും
അരുതെന്ന് പോലും പറഞ്ഞില്ലെന്ന്.
കടലാഴങ്ങളിലെ ഏകാന്തത
തീക്കാറ്റിനേക്കാൾ ചുട്ടുപൊള്ളിക്കാറുണ്ടെന്ന്
കടൽച്ചിപ്പി.
ഋതുക്കളറിയാതെ അതിർത്തിയിൽ കണ്ടുമുട്ടിയ രണ്ട് പക്ഷികൾ
കൊക്കുകൾ കൊണ്ട് ഭാഷ മറക്കുകയും
ഉടൽമുറിവുകളിൽ മുഖം ചേർത്ത്
തൂവലിനാൽ കടലെടുത്തുപോകാത്തൊരു വീടുപണിയുന്നു.
കനലിൽ ചുട്ടെടുക്കുന്ന
അന്ത്യയത്താഴത്തിന്റെ അപരിചിത രുചിക്കൂട്ടുകൾ
വനരുചിയോർമ്മിപ്പിക്കുന്നു
ഹൃദയംകൊണ്ട് വീട് പണിയുന്നവരെ
ചുംബനം കൊണ്ട് ഒറ്റിക്കൊടുത്ത കാറ്റേ
മറക്കാതിരിക്കുക
കപ്പൽഛേദത്തിൽ മരിച്ചവരുടെ ആത്മാക്കളെങ്കിലും
അവർക്കൊപ്പമുണ്ടാകാതിരിക്കില്ല
No comments:
Post a Comment