Search This Blog

Monday, November 2, 2020

പെണ്ണുടൽ വ്ലോഗിംഗ് By പ്രസാദ് എം മങ്ങാട്ട്

 🌱പെണ്ണുടൽ വ്ലോഗിംഗ്🌱

......................................(കവിത)

പ്രസാദ് എം. മങ്ങാട്ട്


കാറ്റിൽ നിന്നും പൂവിലേക്കെന്നപോലെ

പെണ്ണുടലിലൂടൊരു യാത്ര പോകണം

മെല്ലെ മെല്ലെത്തെളിഞ്ഞു കാണാം

പ്രാർത്ഥനകൾ കൂട്ടിയിട്ട ചെറുകുന്നുകൾ!

ഉഷ്ണക്കാറ്റിന്റെ പെരുമുഴക്കങ്ങളിൽ പേടിച്ചൊളിക്കുന്ന കലമാനുകളുടെ ഉയിരിടങ്ങൾ

അരുതായ്മയുടെ ഖബറിടങ്ങൾ

പ്രണയത്തിന്റെ ഫോസിലുകൾ


വിഹ്വലതയുടെ ഒരു പറ്റം ചെമ്മരിയാടുകളെ തളിരിലകൾ തിന്നാൻ വിട്ട്

അവൾ ഒറ്റക്കാകുന്ന ഇടവേളകളുണ്ട്

നഷത്രങ്ങൾ വാരിവിതറി

പച്ചപ്പുൽമേടുകളിലൂടെ കുന്നുകയറിപ്പോകുന്ന ലഹരിനേരങ്ങളാണത്.

ആഴങ്ങളിൽ ദാഹമൊളിപ്പിച്ച്

മഴത്തുള്ളികളെ കൈകാട്ടി വിളിക്കുന്ന ചില ഭ്രാന്തൻ നട്ടുച്ചകൾ കയറി വരും ഇടക്കിടെ


അധിനിവേശത്തിന്റെ

അടയാളങ്ങളൊന്നും

സൂചികയാൽ രേഖപ്പെടുത്താത്ത 

ചില സമതലങ്ങളിൽ നിങ്ങളെത്തിയേക്കാം

പിന്തിരിഞ്ഞു നടന്നേക്കുക

പക്ഷികളവളുടെ ചുമലിലേക്ക് 

പറന്നിറങ്ങുന്ന നേരമാത്രയാകാമത്

ചിലപ്പോൾ

ഉപേക്ഷിക്കപ്പെട്ട വിത്തുകൾ

മുള പൊട്ടി

ആകാശത്തിലേക്ക് മിഴിതുറക്കുന്ന സമയവുമാകാം

  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

.............................


No comments:

Post a Comment

പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്

 പരീക്ഷയിൽ പരാജയപ്പെട്ടുവോ ? അതിജീവിക്കാൻ 6 വഴികൾ ........................... .............. അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത്...