Search This Blog

Monday, December 21, 2020

വീണ്ടും സുഭാഷ്പാർക്കിലിരുന്ന് കപ്പൽ കാണുമ്പോൾ

വീണ്ടും സുഭാഷ്         പാർക്കിലിരുന്ന് കപ്പൽ   കാണുമ്പോൾ

..........................................

പ്രസാദ് എം മങ്ങാട്ട്

ഒറ്റപ്പെടലിന്റെ ഒന്നാം വർഷം

പാർക്കിന്റെയങ്ങേയറ്റത്ത്

തനിച്ചിരുന്നാണ് ഞാൻ കപ്പൽ കണ്ടത്.


ആശങ്കകളുടെ രണ്ടാം വർഷം ഒപ്പമൊരുവളേയും

കൂട്ടി

നനഞ്ഞ സിമന്റ്റ് ഗ്ലോബിൽ ചാരിയിരുന്ന്

പൂക്കുടകൊണ്ടാകാശം മറച്ച്

പൂവരശ്ശുകൾക്കിടയിലൂടെ

ഞങ്ങൾ കപ്പൽ കണ്ടു

കുറേകൂടിച്ചേർന്നിരുന്ന്

നല്ല നാവികനെപ്പോലെ

ഞാനവൾക്ക്

കൊടിയും ,പുകക്കുഴലും ചൂണ്ടിക്കാണിച്ചു 

കപ്പൽ

ചാനൽ വിട്ട് കായലിലേക്കടുക്കുന്നുവെന്ന് പരിഭവിച്ച്‌

കയ്യിൽ നുള്ളിയവൾ

 പുറത്തേക്കിറങ്ങി

കടൽക്ഷോഭങ്ങളുടെ വീട്ടിലേക്കൊരു കണ്ണമ്മാലി ബസ്സിൽ കയറിപ്പോയതാണ്.


ഏത് കടലിടുക്കിലും

കരകാണിക്കുന്നൊരു കോംപസ്സ് കയ്യിലുണ്ടായിരുന്നെന്നോർമിപ്പിച്ച്

പെൻഷൻ ഭവനുമുമ്പിലും

പുസ്തകോത്സവങ്ങളിലും

പിന്നെയുമവളെ കണ്ടിരുന്നു

കൈത്തണ്ടയിൽ,

പിടിവിടാതൊരു കപ്പിത്താനേയും.

ഇല്ലിഗൽ വാണിംഗ്:

കപ്പൽച്ചേതങ്ങളുടെ

ഓർമ്മ പുതുക്കലിന്

ഭാര്യയോടൊപ്പമെത്താതിരിക്കുക

അരുതായ്മയുടെ രസച്ചുഴികളിൽ

ആഴ്ന്നു പോകുമ്പോഴാവും

അനവസരത്തിലൊരു

ചോദ്യംകൊണ്ടവൾ

നിങ്ങളെ കരയിലേക്ക് വലിച്ചിടുന്നത് .

No comments:

Post a Comment

പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്

 പരീക്ഷയിൽ പരാജയപ്പെട്ടുവോ ? അതിജീവിക്കാൻ 6 വഴികൾ ........................... .............. അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത്...