തോറ്റ്പഠിച്ച കുട്ടി
...............................
പ്രസാദ് എം മങ്ങാട്ട്
ഒരുവൾക്കൊപ്പമെത്താൻ
ഉത്തരങ്ങൾ പലതും എഴുതാതെവിട്ട്
തോറ്റു പോയ ഒരു കട്ടിയെ
ക്ലാസ്സ് മുറിയോർത്തുവെക്കുന്നു.
കരിവാകയവനെ തണലിലേക്ക് ചേർത്ത്
രണ്ടിലൊരു വിരൽ തൊടീച്ച്
ഒരിഷ്ട നിറം പറയിച്ച്
മരപ്പൊത്തിലവനായൊരു പന്തൊളിപ്പിച്ചു വെക്കും.
മിണ്ടിയവരുടെ ലിസ്റ്റിൽ പേരെഴുതി
നീ എന്നെക്കരയിച്ചപ്പോൾ,
രണ്ടാളേയും ചേർത്തെഴുതി
മതിൽ നിന്നെക്കരയിച്ചു
നിന്റെ വീടിരിക്കുന്നിടം
ഗ്ലോബ്ബിൽത്തിരഞ്ഞയാദ്യ ഇടം.
കോശങ്ങളിൽ രാസ സെല്ലുകളെരിയിച്ച നീ രാത്രി വൈകിയും ഉണർന്നിരിക്കുന്ന ലാബ്.
പടയോട്ടങ്ങളും,
മഹത്തായ വിപ്ലവങ്ങളും ഒറ്റക്ക് കീഴടക്കി
വാർഷിക പരീക്ഷയും കഴിഞ്ഞ്
ഒരു സന്ധിയിലും ഏർപ്പെടാതെ നീ പോയതിൽപ്പിന്നെ
ഞാനൊരു യുദ്ധവും ജയിച്ചിട്ടേയില്ല!
No comments:
Post a Comment