Search This Blog

Tuesday, January 19, 2021

മഹത്തായ ഭാരതീയ അടുക്കളയിൽ വേവാതെ ബാക്കിയാവുന്നത്


 മഹത്തായ ഭാരതീയ അടുക്കളയിൽ വേവാതെ ബാക്കിയാവുന്നത്

.............................................

 പറഞ്ഞറിയിക്കാനാവാത്ത  അതിജീവന പ്രതിസന്ധിയിലായിപ്പോവുമ്പോഴു ,   ഇതൊക്കെയാണ് സ്ത്രീകളുടെ ആളിക്കത്തേണ്ട അടിസ്ഥാന പ്രശ്നങ്ങളെന്ന മട്ടിൽ

പുരകത്തുമ്പോൾ തന്നെ വാഴ വെട്ടാനുള്ള  മികവ് തെളിയിച്ച ചിത്രമാണ് ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൺ .

ആണഹന്തയുടെ കവിളിലേറ്റ അടിയായ്  മാന്യ സ്ത്രീ സുഹൃത്തുക്കൾ റിവ്യം എഴുതി പൊങ്കാലയിട്ടിരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് .

ഇതിനോടകം അവർക്ക് നല്ല റിലാക്സേഷൻ ഒക്കെ കിട്ടിയിരിക്കണം  എന്നോർത്താണ് സിനിമ കാണാനിരുന്നത് . 

നൃത്താദ്ധ്യാപികയായ നായിക  വിവാഹം കഴിച്ചെത്തുന്നത് പാരമ്പര്യത്തിന്റെ പതിവ് രുചിക്കൂട്ടുകളിൽ സദാ എരിയുന്ന അടുപ്പുകളുള്ള വലിയ തറവാടിന്റെ എടുപ്പുകളിലേക്കാണ് .

അദ്ധ്യാപകനായ ഭർത്താവും , മുൻകരയോഗം പ്രസിഡണ്ടായ അമ്മായപ്പനും , എം .എ കഴിഞ്ഞിട്ടും അമ്മിയിൽ അരച്ചും, അടുപ്പെരിയിച്ചും ജീവിക്കുന്ന അമ്മായിയമ്മയും ഉള്ള  വലിയ വീട്.

അമ്മായിയമ്മയുടെ അസാന്നിദ്ധ്യത്തിൽ അടുക്കള ഭാരമേൽക്കേണ്ടി വരുന്ന നായികക്ക് അടുക്കളയിലെ അഹോരാത്രമുള്ള കഷ്ടപ്പാടും, അധ്വാനവും ,

ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള നിരാസവും, നിസ്സഹകരണവും അടുക്കളയിലെ എച്ചിൽ പോലെ മനംമടുപ്പിലേക്കെത്തിക്കുന്നു .

ആർത്തവകാലത്ത് മാറ്റി നിർത്തപ്പെടുമ്പോഴുണ്ടാകുന്ന വലിയ ട്രോമ, 

 കിടപ്പറയിൽ പോലും ചെറിയ തിരുത്തലിലുടെ വലിയ സന്താഷത്തിലെത്താനുള്ള ഫോർപ്ലേകളുടെ അപാര സാധ്യതകൾക്കൾക്കു നേരെ പോലും സൗകര്യപൂർവ്വം കണ്ണടക്കുകയോ, 'എല്ലാം അറിയാമല്ലേ ' എന്ന മറുചോദ്യം കൊണ്ട് ധാർമ്മിക പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന ഭർത്താവ് , രുചി വൈവിധ്യത്തിലെ പതിവുശീലങ്ങളിൽ ഇളവ് വരുത്താതെ മരുമകൾക്ക്

 പാചകത്തിലൂടെ വലിയ അധ്വാനവും, കഷ്ടപ്പാടും ഉണ്ടാക്കി വക്കുന്ന ഭർത്താവിന്റെയും ഭർതൃപിതാവിന്റേയും പാരമ്പര്യ വാശികൾ  ..

ഒടുക്കം ,  

ചായ വൈകിയതിന്റെ പേരിൽ തന്റെ നേരെ  പാഞ്ഞടുക്കുന്ന ഭർത്താവിന്റെയും അമ്മായപ്പന്റേയും തലവഴി  അടുക്കളയിലെ   

എച്ചിൽ വെള്ളം കോരിയൊഴിച്ച് വീർപ്പുമുട്ടലുകളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച്

സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന നായിക പിന്നീട് തനിക്ക് ഇഷ്ടപ്പെട്ട നൃത്തത്തിന്റെ തിരക്കുകളിൽ വ്യാപൃതയാകുന്നു .

മുൻപത്തെ ജീവിതം റിഹേഴ്സലായിക്കണ്ട് നായകൻ പുതിയ ജിവിതം മറ്റൊരുവളോടൊപ്പം പുനരാരംഭിക്കുന്ന എസ്റ്റാബ്ലിഷിംഗ് ഷോട്ടുകളിലും, 

മാസ്റ്റർ ഷോട്ടുകളിലും സിനിമ അവസാനിക്കുന്നു .


സിനിമയിൽ മാത്രം കണ്ടിട്ടുള്ള കുലസ്ത്രീ തറവാട് അടുക്കളകൾ തീരെ  പരിചയമില്ലെങ്കിലും , 

ആണും, പെണ്ണും 

അടുക്കളയിലും, പറമ്പിലും

അറഞ്ചം പുറഞ്ചം പണിചെയ്താൽ മാത്രമേ 

ജീവിക്കാൻ പറ്റു എന്ന പരുക്കൻ ജീവിത സാഹചര്യമുള്ള

ഹൈറേഞ്ച്കാരന്റെ കിഴുക്കാംപാട് ചിന്തയിൽ 

 കഥാപാത്രങ്ങളെപറ്റി എനിക്കും പലതും തോന്നിപ്പോയി...


 വിവാഹം കഴിച്ചെത്താൻ പോകുന്ന വീട്ടിലെ സാഹചര്യങ്ങൾ മുമ്പേ തന്നെ പറഞ്ഞിരുന്നിട്ടും, സ്വന്തം മകളിൽ നിന്നും അത് മറച്ച് വെച്ച അമ്മ 

ചെയ്തത് ചതിയല്ലേ, പോട്ടെ മകളുടെ നല്ലതിനാന്ന് കരുതാം.

പുറത്തേക്കിറങ്ങുമ്പോൾ 

ഭർത്താവിന് ചെരുപ്പു വരെ കാലിൽ സമർപ്പിക്കുന്ന എം .എ ക്കാരിയായ ഭർതൃമാതാവിന്റെ വിധേയത്വം ഇത്തിരി കടന്നു പോയി ,പഠിച്ച എം.എ പാഴാക്കിയെന്നു പറയാം ...പോട്ടെ പാവം വയോധികനല്ലേ എന്നു വയ്ക്കാം,

എങ്കിലും അവശ്യമില്ലാത്തതൊന്നും ഇത്രയധികം ശീലിപ്പിക്കേണ്ടിയിരുന്നില്ല .

അത്യാവശ്യം സാമ്പത്തിക സ്വാതന്ത്ര്യം ഒക്കെ  ഉള്ള ആ വീട്ടിൽ  വീട്ടുജോലിക്ക് ഒരു  സ്ഥിരം സഹായിയെ വെയ്ക്കാൻ  ആവശ്യപ്പെടുന്ന ഒരു പ്രായോഗിക ബുദ്ധി ആ പെൺകുട്ടിയിൽ കണ്ടില്ല ,  സിങ്കിൽ നിന്നുള്ള  കണക്ഷൻ പൈപ്പ് റിപ്പയർ ചെയ്യാൻ  സ്വന്തം നിലയിൽ ഒരു പ്ലംബറെ അറേഞ്ച് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിയും ഇല്ലാതാക്കി നായികയെ പ്രക്ഷുബ്ദയാക്കണമെന്ന് സംവിധായകന്റെ പിടിവാശി വല്ലാതുണ്ട്.

 ശരിയാണ് എന്നാലല്ലേ അവളെ അടുക്കളയിൽ ഹോമിക്കപ്പെടുന്ന  പെൺജീവിതത്തിന്റെ നേർ സാക്ഷ്യമായും, പ്രതിനിധിയായും ഒക്കെ  പ്രതിഷ്ഠിക്കാനാവു.

പെണ്ണുങ്ങൾ

അടുക്കളയിൽ ജോലി ചെയ്യുന്നതും , എച്ചിൽ പാത്രം കഴുകുന്നതും, അമ്മിയിലരക്കുന്നതും  മോസ്റ്റ് വൾണറെബിൾ  ഡോമസ്റ്റിക്ക് വയലൻസ് തന്നെയാണെന്ന് വരുത്തി തീർക്കാൻ സിനിമയിലെ മാസ്റ്റർ ഷോട്ടുകൾ ശ്രമിക്കുന്നുണ്ട് . 

ശരിയാണ്, അടുക്കളയില എച്ചിൽമണമൊക്കെ

രതി മൂർച്ചയിൽ പോലും അസഹ്യത ജനിപ്പിക്കുന്ന വൃത്തികെട്ട ഗന്ധമായി മാറുമെന്ന് പ്രശസ്ത സെക്സോളജിസ്റ്റ് ഡോ .സക്സേന പറഞ്ഞിട്ടുണ്ട്.

അടുക്കള കിടപ്പറയേക്കാൾ കേമമാക്കുന്ന മോഡുലാർ കിച്ചണും അതുക്കു മേലെയും ഉള്ള കാലമാണിതെന്നും ജിയോ ബേബി സൗകര്യപൂർവ്വം മറന്നു .

ജീവിത സായാഹ്നം വരെ വീടിന് വേണ്ടി കഷ്ടപ്പെട്ട വൃദ്ധ പിതാവ് , അടുപ്പിൽ  വേവിച്ച ഇത്തിരി ചോറും, അലക്കു കല്ലിൽ തന്റെ തുണിയലക്കി ക്കൊടുക്കണമെന്നും ആവശ്യപ്പെടുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ് .

കൊച്ചു കൊച്ചു ശീലങ്ങൾ പോലും ഇല്ലാത്തയാളായിരിക്കുമല്ലോ  നായികയുടെ അപ്പനും, സഹോദരനുമൊക്കെ. 

ഒരു പുരുഷ പ്രയത്നവുമില്ലാതെയാണല്ലോ  ഇവിടെയെല്ലാം ഒരോ വീടും പുലരുന്നത് . 

വീട്ടിലെത്തുന്ന

 അഞ്ചെട്ടാളുകൾക്ക് ചായ ചോദിച്ചപ്പോൾ വെയിസ്റ്റ് വെള്ളം ചായക്കോപ്പയിൽ വെച്ചു കൊടുക്കുന്നതൊക്കെ സൂപ്പറായിട്ടൊണ്ട് ,

അതിനെ ചോദ്യം ചെയ്യുമ്പോൾ തല വഴിയൊഴിച്ച എച്ചിൽ വെള്ളം സ്വന്തം തന്തയുടെ തലയിലും കൂടി ചെന്നു വീഴുന്നുണ്ട്.

എല്ലാം വലിച്ചെറിഞ്ഞു പ്രഖ്യാപിക്കുന്ന ആ സ്വാതന്ത്ര്യം ബഹു ഗംഭീരം തന്നെ .

 മിസ്റ്റർ ജിയോ ബേബി നിങ്ങൾ പുലിയാണ് . ലോക്ക് ഡൗൺ തടവറക്കാലത്ത് അടുക്കളയിലും ,കിടപ്പറയിലും പൊറുതിമുട്ടിയ പെണ്ണുങ്ങളുടെ ഫ്രസ്ട്രേഷന്റെ വേലിയേറ്റമറിഞ്ഞ് നടത്തിയ സൈക്കോളനിക്കൽ മൂവ് 

ജോറായിരിക്കുന്നു .

കുഞ്ഞമ്മയെ കൂട്ടുപിടിച്ച് 

പതിറ്റാണ്ടുകൾക്ക് മുമ്പേ തറ തോണ്ടിയ  , അന്യം നിന്ന തീണ്ടാരി മുറിയൊക്കെ സെറ്റ് ചെയ്തു നായികയെ ആർത്തവകാലത്ത് വെറും തറയിലേക്ക് തള്ളുന്ന ക്രൂരമായ മധ്യവർഗ ഹിന്ദു തറവാടുകൾ ഇപ്പോഴും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമമുണ്ട് .

ഏത് തറവാട്ടിലാണ് പെണ്ണുങ്ങൾ  ആർത്തവകാലത്ത് ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്? ചിറകുകൾ വച്ച് അവർ ആടുകയും ,പാടുകയും, ജോലിചെയ്യുകയും, അർമാദിക്കുകയും ചെയ്ത് , ടിപ്പിക്കൽ ആർത്തവ കാലത്തെയൊക്കെ അനായാസം മറികടക്കുന്നതൊന്നും നിങ്ങൾ കാണുന്നില്ലേ മിസ്റ്റർ ?

കടുത്ത വിവേചനം ആചാരത്തിന്റെ പേരിൽ നേരിടുന്നു എന്നു സ്ഥാപിക്കാൻ ശബരിമലയെ കൂട്ടുപിടിച്ചത് നന്നായി.

മണ്ഠല കാലത്ത് മാലയിട്ട് മലക്കു പോകുന്ന സ്വന്തം വീട്ടിലെ സ്വാമിമാരെ കരുതേണ്ടത് എങ്ങനെയെന്ന് അറിയാത്ത ഹിന്ദു സ്ത്രീകളാണ് ഈ നാട്ടിൽ ഇപ്പോഴും ജീവിക്കുന്നത്  എന്ന് എനിക്കു തോന്നുന്നില്ല.

സ്വാമിയായാലും സ്വന്തം ഭാര്യയെ തിരിച്ചറിയാത്ത, ഭക്തിമൂത്ത് ഭ്രാന്താകുന്ന ഭർത്താവും ഭർതൃപിതാവും ഇപ്പോഴും ഉണ്ടെന്നു സ്ഥാപിക്കാനുള്ള ഒരു കുടില വ്യഗ്രത  സിനിമയിൽ പ്രകടമാണ്.

ഒത്തു തീർപ്പുകളും, വിട്ടുവീഴ്ചകളും, സഹവർത്തിത്വത്തിന്റെ ബാലപാoങ്ങളും കൊണ്ടോ, അവസരോചിത തീരുമാനം കൊണ്ടോ അനായാസം വിളക്കിച്ചേർക്കാമായിരുന്ന ജീവിത സന്ദേശങ്ങൾ ഒന്നും നൽകാതെ രണ്ടാളെയും രണ്ട് വഴിക്കാക്കി പിരിച്ച്

മഹത്തായ ഇന്ത്യൻ അടുക്കളയിൽ  സീസണൽ പരിപ്പ് വേവിച്ച നിങ്ങളുടെ ഡയറക്ടർ ബ്രില്യൻസ് ഗംഭീരമെന്ന് ആളുകൾ ആഘോഷിക്കുന്നുണ്ടാവാം .  

യാഥാർത്ഥ്യങ്ങൾ മറച്ച് ,

യുക്തിക്കും കാലത്തിനും ചേരാത്ത അസഹിഷ്ണുതകൾ തിരുകിക്കയറ്റി ഒരു പ്രത്യേക പ്രേക്ഷക വിഭാഗത്തെ വല്ലാതെ സംതൃപ്തിപ്പെടുത്താനാവുന്നുണ്ട് സിനിമക്ക് .

Monday, January 11, 2021

അവിഹിതബന്ധങ്ങളുടെ മനശാസ്ത്ര വശങ്ങൾ By പ്രസാദ് എം മങ്ങാട്ട്


 അവിഹിത ബന്ധങ്ങളുടെ മനശാസ്ത്ര വശങ്ങൾ


.............................................

        പ്രസാദ് എം മങ്ങാട്ട്

Forbidden fruit tastes sweet, but its aftertaste is bitter

'വിലക്കപ്പെട്ട കനി ഏറെ മധുരിക്കും, പിന്നെ അതിലേറെ കയ്ക്കും ' എന്നെഴുതിയത് ജോൺ .എഫ് കെന്നഡിയായിരുന്നു .

എത്ര കയ്ച്ചാലും അവിഹിത ബന്ധങ്ങൾ ഒരു ലഹരിയായി പലരും ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു . സമീപകാലത്ത് അവിഹിത ബന്ധങ്ങളുടെ സ്വാധീനത്താൽ ഉണ്ടായ ഒളിച്ചോട്ടവും, കൊലപാതകവുംആത്മഹത്യയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു .

 അവിഹിത ബന്ധങ്ങളിൽ പെട്ടാൽ പൊള്ളുമെന്നും , തെറ്റാണെന്നും, ജീവിതം താറുമാറാകുമെന്നും അതിൽ പെട്ടുപോകുന്നവർക്ക് അറിയാം, എങ്കിലും അതൊരു ലഹരിയായി പലരേയും ഒരു കാലം വരെ  അത് കീഴ്പ്പെടുത്തുന്നു .

എന്താണ് ഇത്തരം ബന്ധങ്ങളുടെ മനശാസ്ത്ര വശങ്ങൾ എന്നു നോക്കാം. 


ശാരീരിക ആകർഷണം (physical Attraction)

..................... ..............

ഒരു വ്യക്തിയിലേക്ക് മറ്റൊരു വ്യക്തി ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണം ഒരാളുടെ ശാരീരികമായ സവിശേഷതകളാണ് . ഒരാളുടെ ശരീരഭംഗി,  ശാരീരിക പൂർണ്ണത, ചലനഭംഗി, ചുറുചുറുക്ക്, ശാരീരികക്ഷമത, എന്നിവയൊക്കെ എതിർലിംഗത്തിൽപ്പെട്ടവരെ സ്വഭാവികമായും ആകർഷിക്കും .

ഇത്തരം ശാരീക ആകർഷണത്തിൽ ഉണ്ടാകുന്ന അഭിനിവേശമാണ് അവിഹിത ബന്ധത്തിന്റെ  ആദ്യ രാസത്വരഗം .


സാമീപ്യം ( Proximity)

......................................

ശാരീരികമായി ആകർഷിക്കപ്പെടുന്ന വ്യക്തിയുടെ സാമീപ്യം ലഭിക്കുന്ന സാഹചര്യങ്ങൾ ഇത്തരം ബന്ധങ്ങളുടെ വളർച്ചക്ക് വളക്കൂറുള്ള മണ്ണാണ് .

ആകർഷിക്കപ്പെടുന്ന വ്യക്തിയുടെ നിരന്തരസാന്നിദ്ധ്യമുള്ള സാഹചര്യങ്ങൾ ഇതിന് പ്രോത്സാഹനമാകുന്നു .

ഉദാഹരണത്തിന് ആകർഷിക്കപ്പെടുന്ന വ്യക്തിയുമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുക, പഠിക്കുന്ന സ്കൂൾ കോളജ്, ഒരുമിച്ച് യാത്ര ചെയ്യാനാകുന്ന ട്രെയിൻ ,ബസ്സ് ,  

 ഒരേ ഇടത്തിലെ താമസ്സ സ്ഥലങ്ങൾ ഇവയൊക്കെ 

സാമിപ്യം  ഉണ്ടാക്കുക എന്ന സാഹചര്യത്തെ ത്വരിതപ്പെടുത്തും . 

ഈ സാഹചര്യത്തിൽ പരസ്പരം കാണാനും ,ആശയവിനിമയം നടത്താനും ഉള്ള സാദ്ധ്യത വളരെ അനുകൂലമാണ് എന്നതാണ് ഇതിന് കാരണം.


സാദൃശ്യങ്ങൾ  (Similarity)

 ഇങ്ങനെ ആകർഷിക്കപ്പെടുന്നവർ ഒരേ അഭിരുചികളും , ഇഷ്ടങ്ങളും സൂക്ഷിക്കുന്ന രണ്ട് വ്യക്തികളാവുകയും ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം മെച്ചപ്പെടാനുള്ള സാദ്ധ്യതയേറുന്നു . ഭക്ഷണം, നിറം, ശീലങ്ങൾ ,ആശയങ്ങൾ ഇവയിലൊക്കെ സമഭാവനയും ,സമാനതയും പുലർത്തുന്നവരാവുമ്പോൾ ആ ബന്ധത്തിന് സാദ്ധ്യതയേറുന്നു .

ഉദാഹരണമായി ഇങ്ങനെ ആകർഷിക്കപ്പെടുന്നവർ  ധാരാളം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവരാണെങ്കിൽ, രുചി വൈവിധ്യത്തെ ഇഷ്ടപ്പെടുന്ന ഭക്ഷണ പ്രിയരാണെങ്കിൽ, വയനാശീലമുള്ളവരാണെങ്കിലൊ ഒക്കെ അഭിരുചികളിലെ

സമാനത രണ്ട് വ്യക്തികളെ ആകർഷിക്കുകയും ബന്ധം കൂടുതൽ ദൃഡമാകുകയും ചെയ്യും.


പരസ്പര ത്യാഗം (Reciprocity)

ഇങ്ങനെ ആകർഷിക്കപ്പെട്ട് , അനുകൂലസാഹചര്യങ്ങളിലും , ഒരേ അഭിരുചികളിലും ആകുന്ന രണ്ടു പേർക്കിടയിൽ പരസ്പരം സഹായിക്കാനും, പങ്കുവെക്കാനും , കൈമാറ്റങ്ങൾ ചെയ്യാനും ഉള്ള മനസ്ഥിതി ഉണ്ടാകുന്നു.

പണം നൽകി സഹായിക്കുക, പരസ്പരം സമ്മാനങ്ങൾ കൈമാറുക, ഒത്താശകൾ ചെയ്യുക  ഇതൊക്കെ പരസ്പര ത്യാഗത്തിന്റെ ഭാഗമായി അവർ കാണുന്നു . തങ്ങൾക്ക് ഒരിക്കലും മറ്റൊരിടത്തു നിന്നും ലഭിക്കാത്ത അംഗീകാരവും പരിഗണനയും, ശ്രദ്ധയും ,സ്നേഹവും , പരിലാളനയും ലഭിക്കുമ്പോൾ  ബന്ധം മറ്റൊരു ദിശയിലേക്ക് വഴി മാറുന്നത് സ്വഭാവികം . 

ദൃഡാഭിമുഖ്യം  അഥവാ അടുപ്പം (Intimacy) 

രണ്ടു വ്യക്തികൾ തമ്മിലുള്ള ശക്തമായ ഈ  അടുപ്പം  തലച്ചോറിൽ ഫീൽ ഗുഡ് ഹോർമോണായ ഡോപ്പാമിൻ ഉല്പ്പാദനം വർദ്ധിപ്പിക്കുന്നു. സെറോറ്റോണിൻ ,അഡ്രിനാലിൽ എന്നീ സഹഹോർമോണുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡോപ്പാ മിൻ ഹോർമോൺ ഒരു വ്യക്തിയെ അഗാധമായ പ്രണയത്തിലാക്കുന്നു

പ്രശസ്ത്ര അമേരിക്കൻ സൈക്കോളജിസ്റ്റായ ഡോറോത്തി ടെനോവ് 1965 ന്റെ ആരംഭത്തിൽ നടത്തിയ പഠനങ്ങൾ ഇതിനെ ശരിവെക്കുന്നു . പ്രണയത്തിലാകുമ്പോൾ ഡോപ്പാമിൻ ഹോർമോണിന്റെ ലെവൽ വർദ്ധിക്കുന്നു . പ്രണയിക്കുന്ന വ്യക്തിയിലേക്ക് മാത്രം ഒരാൾ ശ്രദ്ധാലുവാകുകയും,ശരീരവും , മനസ്സും പങ്കുവെക്കുവാനും ,സദാ ഒരുമിച്ചായിരിക്കുന്നതിനുമുള്ള പ്രചോദനവും, എക്സ്ട്രാ എനർജിയും ഡോപ്പാമിൻ എഫക്ട് മൂലം ഉണ്ടാകുന്നു . ചിലർ ഈ സ്വാധീനം മൂലം ഒളിച്ചോടുന്നതിനും , ഒരുമിക്കാനാവാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നതുമൊക്കെ സാധാരണമാകുന്നതിന്റെ കാരണമിതാണ് . പ്രണയത്തിലായിരിക്കുന്നവരുടെ അധിക ഊർജ്ജത്തിന്റേയും സന്തോഷത്തിന്റെയും കാരണത്തിൽ  ഡോപ്പാമിൻ വലിയ പങ്കുവഹിക്കുന്നു.

ഏകദേശം ഒരു വർഷത്തോളം ഉയർന്നു നിൽക്കുന്ന ഡോപ്പാമിൻ ഉല്പാദനം ക്രമേണ താഴേക്ക് വരുന്നു. ഡോപ്പോമിന്റെ അഭാവം പാർക്കിൻസൺ രോഗത്തിന് കാരണമാകുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 

  രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയ ബന്ധത്തിൽ സജീവമായിരുന്ന ഡോപ്പോമിന്റെ പെട്ടന്നുണ്ടാകുന്ന ഈ വ്യതിയാനം ഒരു ബന്ധത്തിന്റെ ഊഷ്മളതക്കും ഉറപ്പിനും കുറച്ചെങ്കിലും ഉലച്ചിലുണ്ടാകാനുള്ള ശാസ്ത്രിയ കാരണങ്ങളിൽ ഒന്ന് ഇതാവാം.

Forbidden fruit tastes sweet, but its aftertaste is bitter

എന്നെഴുതിയ ജോൺ എഫ് . കെന്നഡിയുടെ വാക്കുകൾ വർത്തമാനകാലത്ത് ഏറെ പ്രസക്തമാകുന്നു .

Tuesday, January 5, 2021

അവൾ പോയതിൽ പിന്നെ By പ്രസാദ് എം മങ്ങാട്ട്


 അവൾ പോയതിൽ 

പിന്നെ 

.......................................

 പ്രസാദ് എം മങ്ങാട്ട്


അവൾ പോയതിൽ പിന്നെ

വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല

ഇരുപ്പുമുറിയിലെ ഇരുൾക്കോണിൽ

 അവളോമനിച്ച  ഒരൊറ്റയിതൾച്ചെടി പിണങ്ങി മാറി നിൽക്കുന്നു

അവളുണ്ടെന്നോർമ്മയിൽ കിടക്കയിൽ പരതുമ്പോൾ വഴുതി മാറിയൊഴുകി നീങ്ങും കായൽ മീനു പോൽ

അവളുടെ ഉടുപ്പുകൾ നിഴലു പാർക്കുന്ന വീടുകളാണ്

അവളെന്നും തൂക്കുമായിരുന്ന മുറ്റം കൊഴിഞ്ഞ ഇലകളുടെ മൃതസാഗരമാക്കി കാറ്റ് മടങ്ങിപ്പോയിരിക്കുന്നു.

അവളെത്തിരഞ്ഞിറങ്ങു

മ്പോൾ,

 കരിയിലകളുടെ ഒരു ചെറുതിര കാലിൽ വന്നു തട്ടുന്നു

അവളുടെ പാട്ട് പതിഞ്ഞ

അടുക്കളപ്പുറങ്ങളിൽ

അവളെയും കാത്തൊരു കാട് നിൽക്കുന്നു

മഞ്ഞമുളശിഖരങ്ങളിൽ ചെറുകിളികൾക്കായ്

മൺചട്ടി നിറയെയവൾ 

വെള്ളം തൂക്കിയിട്ട 

കരുതൽ ,

ഞാനിപ്പോഴാണ് 

കണ്ടെടുക്കുന്നത് !

കമ്പുകൾ നാട്ടിയവൾ താങ്ങു കൊടുത്ത

കരുത്തിലിപ്പോഴും

കടുംമഞ്ഞയിൽ

ജെമന്തികൾ വിരിഞ്ഞു നിൽക്കുന്നു

തണലിൽ 

മാത്രം ഇലപച്ചയാകുന്ന ട്ടർട്ടിൽ വൈൻ ചെടികളായിരുന്നവൾ

ക്കേറെയിഷ്ടമെന്നോർത്ത്

കുന്നിറങ്ങുമ്പോൾ ,

കുപ്പിയിൽ നിന്നുണർന്നെണീറ്റ്

ചെറു കൈകൾ 

വീശുന്നു

അവൾ നട്ട

മരവാഴകൾ.

പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്

 പരീക്ഷയിൽ പരാജയപ്പെട്ടുവോ ? അതിജീവിക്കാൻ 6 വഴികൾ ........................... .............. അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത്...