അവൾ പോയതിൽ
പിന്നെ
.......................................
പ്രസാദ് എം മങ്ങാട്ട്
അവൾ പോയതിൽ പിന്നെ
വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല
ഇരുപ്പുമുറിയിലെ ഇരുൾക്കോണിൽ
അവളോമനിച്ച ഒരൊറ്റയിതൾച്ചെടി പിണങ്ങി മാറി നിൽക്കുന്നു
അവളുണ്ടെന്നോർമ്മയിൽ കിടക്കയിൽ പരതുമ്പോൾ വഴുതി മാറിയൊഴുകി നീങ്ങും കായൽ മീനു പോൽ
അവളുടെ ഉടുപ്പുകൾ നിഴലു പാർക്കുന്ന വീടുകളാണ്
അവളെന്നും തൂക്കുമായിരുന്ന മുറ്റം കൊഴിഞ്ഞ ഇലകളുടെ മൃതസാഗരമാക്കി കാറ്റ് മടങ്ങിപ്പോയിരിക്കുന്നു.
അവളെത്തിരഞ്ഞിറങ്ങു
മ്പോൾ,
കരിയിലകളുടെ ഒരു ചെറുതിര കാലിൽ വന്നു തട്ടുന്നു
അവളുടെ പാട്ട് പതിഞ്ഞ
അടുക്കളപ്പുറങ്ങളിൽ
അവളെയും കാത്തൊരു കാട് നിൽക്കുന്നു
മഞ്ഞമുളശിഖരങ്ങളിൽ ചെറുകിളികൾക്കായ്
മൺചട്ടി നിറയെയവൾ
വെള്ളം തൂക്കിയിട്ട
കരുതൽ ,
ഞാനിപ്പോഴാണ്
കണ്ടെടുക്കുന്നത് !
കമ്പുകൾ നാട്ടിയവൾ താങ്ങു കൊടുത്ത
കരുത്തിലിപ്പോഴും
കടുംമഞ്ഞയിൽ
ജെമന്തികൾ വിരിഞ്ഞു നിൽക്കുന്നു
തണലിൽ
മാത്രം ഇലപച്ചയാകുന്ന ട്ടർട്ടിൽ വൈൻ ചെടികളായിരുന്നവൾ
ക്കേറെയിഷ്ടമെന്നോർത്ത്
കുന്നിറങ്ങുമ്പോൾ ,
കുപ്പിയിൽ നിന്നുണർന്നെണീറ്റ്
ചെറു കൈകൾ
വീശുന്നു
അവൾ നട്ട
മരവാഴകൾ.
No comments:
Post a Comment