ഭാനുമതി
ഒരോർമ്മക്കുറിപ്പ്
...................പ്രസാദ് എം മങ്ങാട്ട്
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനാകെ നനഞ്ഞു കിടക്കുന്ന ഒരു പുലർച്ചെ ,
കൊല്ലത്തേക്ക് പോകാൻ ചെന്നെ മെയിൽ കാത്ത് രണ്ടാം പ്ലാറ്റ്ഫോമിലിരിക്കുന്നു,
പതിവില്ലാതെ വളരെക്കുറച്ചാൾക്കാർ മാത്രം ...
തലേ ദിവസമാണ് പരിചയത്തിലുള്ള തങ്കപ്പൻചേട്ടനെന്ന ക്ലർക്ക് ഒരു വള്ളിക്കെട്ടുണ്ട് പോകാമോയെന്ന് ചോദിക്കുന്നത് ..
എന്താണെന്ന് ചോദിച്ചപ്പോൾ അപ്പുറത്ത് നിന്നിരുന്ന ഒരാളെ പരിചയപ്പെടുത്തിത്തന്നു..
'ഇനി നിങ്ങളായ്ക്കോ' എന്ന് പറഞ്ഞ് തങ്കപ്പൻചേട്ടൻ മുറിയിലേക്ക് പോയി ..
വന്ന കക്ഷി രണ്ട് CBSE സ്കൂളുകളുടെ ഉടമയാണ് ... കൊല്ലത്തുള്ള രണ്ട് ടീച്ചർമാർക്ക് നിയമനം നൽകാമെന്ന് പറഞ്ഞ് പണം തട്ടിച്ച വകയിൽ കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ അവർ ഇയാൾക്കെതിരെ പരാതി കൊടുത്തിട്ടുണ്ട് .. പിറ്റേന്ന് 10 മണിക്ക് സ്റ്റേഷനിൽ രണ്ട് കൂട്ടരേയും വിളിപ്പിച്ചിട്ടുണ്ട്, കുറച്ച് സാവകാശം കിട്ടാൻ സ്റ്റേഷനിൽ പോയി അവഥാ പറയണം .. ആയിരം രൂപയാണ് പ്രതിഫലം ..
സീനിയറോട് യുദ്ധം പ്രഖ്യാപിച്ച് പുറത്തായി നിക്കുന്ന സമയവും .. ഏത് ചാണകക്കുട്ടയും തലയിലേറ്റിപ്പോകുന്ന കാലം .. ക്വാട്ടേഷൻ വാങ്ങി താവളത്തിലേക്ക് ..
പിറ്റേന്ന് കൊല്ലത്തേക്ക് പോകാനായി ഓടിക്കിതച്ച് സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ ലേറ്റ് .. ജഡ്ജിയുടെ തെറി കേൾക്കുന്ന കേസിൽ വൈകിയെത്തുമ്പോൾ കോടതി സിറ്റിംഗില്ലെന്നറിയുന്ന ആശ്വാസം പോലെ ഒരിടത്തിരുന്നു ...
തോട്ടപ്പുറത്തെ സിമന്റു ബെഞ്ചിൽ ഒരു സ്ത്രീയും പത്ത് വയസ്സോളം പ്രായമുള്ള മകനും .. അവരുടെ അടുത്തു വന്ന് തമിഴിൽ സംസാരിക്കുന്നയാളോട് അ സ്ത്രീ ദേഷ്യത്തിൽ മറുപടി പറയുന്നുണ്ട് ..
കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മകനേയും കൊണ്ട് ഞാനിരിക്കുന്നിടത്തേക്ക് മാറിയിരുന്നു ..
ദൈന്യമെങ്കിലും ഐശ്വര്യമുള്ള മുഖം ..
ഞാൻ ആ ചെറുക്കനെ നോക്കി കാലിലൊക്കെ തിണർത്ത പാടുകൾ..
തമിഴൻ എന്തൊക്കെയോ പറഞ്ഞിട്ട് നടന്നു പോയി
.. 'ചേട്ടാ രാവിലെ മുതൽ തുടങ്ങീതാ അയാടെ ശല്യം ,അയാൾടെ ഒപ്പം ചെല്ലാൻ വിളിക്കുവാ ,
അവർ പറഞ്ഞു
എവിടേക്കാ ? ഞാൻ ചോദിച്ചു ..
ഒരു കരച്ചിലായിരുന്നു മറുപടി ..
അടുത്തുനിന്നവർ നോക്കാൻ തുടങ്ങി
അവർ അവസ്ഥ പറഞ്ഞു തുടങ്ങി
വീട് ഒറ്റപ്പാലം .. സ്വന്തം വീട് പത്തനംതിട്ട .. അച്ഛൻ ഒരു ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരുന്നു,അമ്മ ടീച്ചറും.. രണ്ട് സഹോദരന്മാരുമുണ്ട് .
കുറച്ചു ദിവസത്തെ പ്രണയത്തിനൊടുവിൽ വീട് പണിക്കെത്തിയ ആളോടൊപ്പം നാടുവിട്ടതാണ്..
ആദ്യകാലങ്ങൾ സ്നേഹപൂർണ്ണമായിരുന്നു,മൂത്തത് മകളും ഇളയത് മകനും..മദ്യപാനശീലം രൂക്ഷമായി .. പിന്നെ അതിക്രൂര പിഡനങ്ങളായിരുന്നു .. മകളുടെ നേർക്കും അതിക്രമ ശ്രമങ്ങളുണ്ടായപ്പോൾ ഇവർ കുട്ടിയെ വെൽഫയർ ഹോസ്റ്റലിലാക്കി ..
നീണ്ട യാതനകൾക്കും പീഡനങ്ങളുടെയും ഒരു ദിവസം മരണ ഭീതിയിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തിയതാണ് .. പ്രാണരക്ഷാർത്ഥം രണ്ടു പേരും നീങ്ങിത്തുടങ്ങിയ ഒരു ട്രെയിനിലേക്ക് ചാടിക്കയറി .. പറ്റിയ ഇടം എത്തുമ്പോൾ
ചാടി മരിക്കണം എന്ന് വിചാരിച്ചു കംപാർട്ട്മെന്റിന്റെ തറയിൽ മകനേയും കെട്ടിപ്പിടിച്ചിരുന്ന് എപ്പഴോ ഉറങ്ങിപ്പോയതാണ് ..
ഇവിടിറങ്ങി ..
'ഇനി എവിടേക്ക് പോകണമെന്നറിയില്ല
കൊച്ചുങ്ങളെയോർക്കുമ്പം ചാകാനും തോന്നുന്നില്ല
ഇവനെയെങ്കിലും നല്ല നിലയിലെത്തിക്കണം'
അവർ കരയുകയായിരുന്നു
ഞാൻ വല്ലാത്ത ധർമ്മ സങ്കടത്തിലായി ..
പ്ലാറ്റ്ഫോമിലെ ടീ ഷോപ്പിൽ നിന്നും രണ്ടാൾക്കും ചായ വാങ്ങിക്കൊടുത്ത് ഒന്ന് ഞാനും വാങ്ങിക്കുടിച്ചു നിൽക്കുമ്പോൾ ഞാൻ പെട്ടന്ന് എന്റെ ലോകോളജ് സഹപാഠിയും ,ജനസേവ ശിശുഭവൻ സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന കൂട്ടുകാരനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .. ഇതിനോടകം പരിചയമുണ്ടായിരുന്ന ജോബ് കൺസൾട്ടൻസിയിലെ ഒരു ചേച്ചിയേയും വിളിച്ച് കാര്യം പറഞ്ഞു ...
കൂട്ടുകാരനും.. വിളിച്ച ചേച്ചിയും അവരെ സഹായിക്കാമെന്നേറ്റു ..
അവരെ സ്റ്റേഷനിലാക്കി ഞാൻ കൊല്ലത്തേക്ക് പോയി ...
പോലീസ് സ്റ്റേഷനിലെത്തി SHO യോട് കാര്യങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ വെളിയിൽ
ഒച്ചപ്പാട് കേട്ടു ..
ഒരു പോലീസുകാരൻ അകത്തേക്ക് വന്നു S. I യോട് പറഞ്ഞു
.. സാറേ കടപ്പുറത്തുള്ളോരാ
മൊത്തം കലിപ്പിലാ..
അനുരഞ്ജനത്തിന് വന്നവർ പ്രതിയെ കിട്ടാത്തപ്പോൾ വക്കീലിനെ കൈ വെക്കുന്ന അവസ്ഥ..
' വക്കീലേ .. ഫോൺ ചെയ്യുന്ന മാതിരി പുറത്തിറങ്ങി വിട്ടോ
സീൻ പെശകാ..' S.I പറഞ്ഞു.
ഞാൻ പുറത്തിറങ്ങി .. കടപ്പുറം തെറികളെ പിന്നിലാക്കി വളരെ ദൂരമോടിയപ്പോൾ ആദ്യം കണ്ട ഒരോട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിലിറങ്ങി ..
ജീവൻ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു..
രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ നടത്തിയ രാവിലത്തെ ശ്രമങ്ങളുടെ ചാരിതാർഥ്യത്തിന്റെ നിറവിലും .. ഒരോ അതിജീവനത്തിന്റെ പാലായനങ്ങൾ!
വൈകിട്ട് റൂമിലെത്തിയപ്പോൾ അവർ വിളിച്ചു .. മകനെ ജനസേവക്കാർ കൊച്ചിയിലുള്ള ബോയീസ് ഹോമിലാക്കുകയും .. അവർക്ക് വൈറ്റിലയിൽ ,ഒരു ലേഡി ഡോക്ടറും കുഞ്ഞും മാത്രമുള്ള വീട്ടിൽ ജോലി കിട്ടുകയും ചെയ്തെന്നു പറഞ്ഞു ...
ഒരാഴ്ച കഴിഞ്ഞ് അവർ എന്നെ വിളിച്ചു.
....അ കുട്ടിക്ക് എന്നെ ഒന്നു കാണണമെന്ന് ..
അവരോടൊപ്പം ബോയിസ് ഹോമിലെത്തി അവനെ കണ്ടു .. അന്നു കണ്ടപ്പോൾ ക്ഷീണിതനായിരുന്ന അവന്റെ മുഖത്ത് സന്തോഷമായിരുന്നു ..
വരക്കുമെന്നറിഞ്ഞ് അവന് കുറച്ച് ചായപ്പെ ൻസിലും ,പേപ്പറും വാങ്ങി കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി ...
അവരുടെ അച്ഛൻ മരിച്ചശേഷം, കിട്ടേണ്ട ഓഹരിയെക്കുറിച്ച് സംശയം ചോദിക്കാനായി പിന്നെ ഒന്നു രണ്ട് തവണ കൂടി അവർ വിളിച്ചിരുന്നു ..
പിന്നെ അവരെക്കുറിച്ച് ഒരു വിവരവുമില്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ..
മരണത്തിന്റെ ചൂളംവിളിക്കൊടുവിൽ ..ജീവിതത്തിന്റെ മറുപുറത്തെവിടെയോ സമാധാനമായി അവർ ജീവിക്കുന്നുണ്ടാവണം ..
കൈവിട്ടുപോയ ജീവിതം അവർ തിരികെപ്പിടിച്ചിട്ടുണ്ടാവാം..
ഭാനുമതിയെന്നവർ ..
ദയാദാക്ഷണ്യങ്ങൾക്ക് ഒട്ടും മനസ്സിലിടമില്ലാതിരുന്ന എന്റെയാ വക്കീൽ കാലത്ത്..
അന്ന്
രണ്ട് ജീവനുകൾ രക്ഷിക്കാൻ
ഒപ്പം നിന്ന എന്റെയാ രണ്ട്
കൂട്ടുകാരെയും സ്നേഹപൂർവ്വം ഇന്ന് ഞാൻ ഓർക്കുകയായിരുന്നു..
No comments:
Post a Comment