ഉമേഷ് വക്കീലിന്റെ റൂട്ട് മാപ്പ്
....................................................
പ്രസാദ് എം മങ്ങാട്ട്
ബാനർജി റോഡിലെ ഒറ്റപ്പെട്ട കെട്ടിട സമുച്ചയത്തിലെ ഓഫീസിൽനിന്നും മീരയെ കൊണ്ട് വക്കാലത്തിലൊപ്പിടുവിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഉമേഷ് വക്കീൽ പറഞ്ഞു
'മീരാ വരൂ ഒരു കപ്പ് കാപ്പി കുടിച്ച് പിരിയാം,
സാധാരണ കക്ഷികൾക്ക് അങ്ങോട്ട് ചായ വാങ്ങിക്കൊടുക്കാറില്ല, പക്ഷേ മീര ,ജോസ് വക്കീൽ പറഞ്ഞുവിട്ട കക്ഷിയാണ് .. നേവൽ ബേസിലാ ജോലി ഹസ് ഷിപ്പിയാർഡിലും.. കൊഹാബിറ്റേഷൻ പോയിട്ട് കൊച്ചുവർത്താനം പോലുമില്ലാതെ അടുക്കാൻ പറ്റാത്തത്ര അകന്നിരുന്നു രണ്ടാളും. 13 B പെറ്റീഷനിട്ട് തീർത്തുകൊടുക്കാനാ ജോസ് സാർ പറഞ്ഞത് .
13 B ഒരു ദുഃഖം തന്നെയാ .. പെട്ടന്നെല്ലാം അവസാനിപ്പിച്ച്..ഇനിയൊരിക്കലും മടങ്ങിവരവില്ലാത്ത മറ്റൊരു ലോകത്തേക്ക് രണ്ടാളും ...
സോറി ജോസ് സാർ ഞാനിത് ക്രൂവൽറ്റി ഗ്രൗണ്ടിട്ട് ... ഒന്നല്ല ഒമ്പതാക്കും .കസ്റ്റഡി, റിട്ടേൺ ഓഫ് ഓർണമെന്റസ്, അറ്റാച്ച്മെന്റ് ... പിന്നെ അതിൻമേൽ അല്ലറ ചില്ലറ റിട്ടുകളും ' ഉമേഷ് വക്കീൽ മനസ്സിലോർത്തു ..
'സാറേ അത്രക്കൊന്നും വേണ്ട ..മഹാരാജാസ്സീന്ന് തൊട്ടു പ്രേമിച്ചുകെട്ടീതാ ..ഒരു ടൈപ്പാ ആൾ എന്നേയുള്ളു.. .പെട്ടന്ന് എല്ലാം മുറിച്ച് പോവുമ്പോൾ ' മീര വല്ലാത്തൊരു വിഷാദത്തിലായി .
'പേടിക്കാനൊന്നുമില്ല ..കോടതിയെ അറിയാഞ്ഞിട്ടാ ..കേറി എറങ്ങി കൊറേ നടക്കുമ്പം പഠിക്കും ,പിന്നെ കൗൺസലിംഗ് ,മീഡിയേഷൻ, അദാലത്ത് ...
'വിളിക്കാം സാർ' ആദ്യം വന്ന ഓട്ടോയ്ക്ക് കൈകാണിച്ച് കയറുമ്പോൾ ഉമേഷ് മീരയെ പാളി നോക്കി .. ഇപ്പോൾ ഊർന്നുപോകുന്ന മട്ടിൽ ഉടുത്തു വച്ച മജന്തസാരിയിൽ വല്ലാത്തൊരു ഭംഗിയാണ് മീരയുടെ വയറിന്..
കോസ് ടൈറ്റിലും ,പ്രെയർ ഭാഗവും നന്നായി എഴുതിച്ചേർത്ത ഒരഡാറ് ഡ്രാഫ്റ്റിംഗ് !
ആ കാഴ്ചയിൽ സെക്കന്റ് അപ്പീലിലെ ഹിയറിംഗിലെന്ന പോലെ ഉമേഷ് വക്കീൽ വിയർത്തു..
ഇതിലൊക്കെ ഉസ്താദായ സിജോ സാറാണ് കാര്യങ്ങൾ കുറച്ചു കൂടി സൈക്കോളജിക്കലി മൂവാക്കാൻ ഉപദേശിച്ചതും ആ വിലപ്പെട്ട മനശാസ്ത്രം പങ്കുവെച്ചതും' കുടുംബകോടതീൽ എത്തുന്ന കക്ഷികൾ ആദ്യ സ്റ്റേജിൽ ഭർത്താവിനോട് വല്ലാത്ത ഒരു പകയുമായാ എത്തുന്നത് ആ സമയം പീക്ക് മൊമന്റാ എന്തിനും വളയും ... പിന്നെ കയ്യീന്ന് പോയാ പോയി ...ബ്രയിൻ വാഷ് ചെയ്യാനും ഓതിക്കൊടുക്കാനും നൂറുകണക്കിന് തെണ്ടികളുണ്ട് അവിടെ,ഒത്തു വന്നാ കൊണ്ടുപോയി ചാമ്പിക്കോണം'
മാധവൻ വക്കീലിനേയും ജൂനിയറേയും ചേർത്ത് ബാറിൽ പറയുന്ന കഥകൾ കേട്ട് ആത്മനിന്ദതോന്നി, അതു വച്ചു നോക്കുമ്പോ തന്റെ ഓഫീസ് ഇപ്പോഴും കന്യകനാ ..ഉമേഷ് ഓർത്തു .. ശരിയാണ് മിക്കപ്പോഴും മാധവൻ സാറിന്റെ ഓഫീസ് അടച്ചിട്ടിരിക്കുന്നതു കാണാം .. വിസ്താരത്തിനായി കോൺട്രാ ഡിക്ക്ഷൻസ് മാർക്ക് ചെയ്യുകയോ .. തടിച്ച നിയമഗ്രന്ഥങ്ങൾക്കിടയിൽ സമയമെടുത്ത് റഫറൻസ് നടത്തുകയോ ആവുമെന്ന് ഓർത്തു ഞാനെന്തൊരു പൊട്ടനാ .മാധവൻ വക്കീൽ കിളിന്നു ജൂനിയേഴ്സിനൊപ്പം നടന്നു പോകുമ്പോൾ കാന്റീനിലിരുന്നു എന്നിട്ടും ആൾക്കാർ പിറുപിറുത്തു 'ജാഡേം പത്രാസുമേ ഉള്ളു പ്രസന്റേഷനൊക്കെ വളരെ മോശമാ'
മീര നന്നായി വായിക്കുമല്ലേ ..? പുസ്തകങ്ങൾ .. മൂന്നാലു ദിവസം കഴിഞ്ഞ് വെറുതെ വിളിച്ചപ്പോൾ ചോദിച്ചു ..
'ഉം ' മീര മൂളുക മാത്രം ചെയ്തു ..
ചെറിയ സ്പാർക്കുകൾ ഇട്ടു കൊടുത്ത് ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ..
മീരക്ക് ഷിപ്യാർഡ്കാരനിൽ നിന്നും കിട്ടാതെ പോയതിനൊക്കെ പകരമാകാൻ സിജോ വക്കീൽ ഉപദേശിച്ചത് ഉമേഷ് ഓർത്തു.
ഒറ്റപ്പെടലിൽ നിന്നും ആരെങ്കിലുമൊണ്ടെന്നുള്ള തോന്നൽ .. വല്ലാത്ത പോസിറ്റീവ് എനർജി .. കോൺഫിഡൻസ് ലെവൽ വാനോളം ഉയർത്തുന്ന കോട്ടുകൾ അങ്ങനെ ചിലതൊക്കെ..
മീരെക്കെന്തെങ്കിലും അഫയർ ഉണ്ടോ പുറത്ത് ?
ഒരിക്കൽ ഉമേഷ് ചോദിച്ചു
'എയ് അങ്ങനൊന്നുമില്ല' മീര പറഞ്ഞു
ഉണ്ടെങ്കിലും ഒന്നുമില്ല മീര .'ലൈഫ് ഓഫ് എ മാരിഡ് ലേഡി വിതൌട്ട് ആൻ എക്സട്രാ മാരിറ്റൽ റിലേഷൻഷിപ്പ് ഈസ് ടൂ ഹസാർഡസ് ദാൻ പോയിസണസ് സബ്സ്റ്റനൻസ്' എന്നെവിടെയോ വായിച്ചിട്ടുണ്ട് .. ഉമേഷ് ധൈര്യം പകർന്നു..
സന്തോഷ് കുമാറിന്റെ മെയിന്റനൻസ് എൻ ഹാൻസ്മെന്റിന് എതിരെയുള്ള അപ്പീൽ ഡ്രാഫ്റ്റ് ചെയ്യാൻ വെച്ചിട്ട് കുറേ നാളായി
അയാളൊരു വേദന തന്നെയാ ... ഡൽഹി പോലീസിലാരുന്നു .കിഡ്ണി രോഗിയായി നാട്ടിലെത്തിയതോടെ ഭാര്യ സിന്ധു സ്വന്തം വീട്ടിലേക്ക് മടങ്ങി ... കുറേ കാലം കഴിഞ്ഞ് കേസും കൊടുത്തു ..
വയ്യ സാറേ .ഇവള് ഞാൻ ചെലവിന് കോടതി പറഞ്ഞിട്ട് കൊടുക്കുന്ന കാശും വാങ്ങി അവനുമായി എന്റെ മുമ്പിക്കൂടാ കറക്കം
... അയാൾ കരയാറായിരുന്നു അന്നു ആഫിസിൽ വന്നപ്പോൾ.ഒരോ വരവിനും ഒരാവശ്യമില്ലാതെ ബ്ലാങ്ക് ലെഡ്ജർ പേപ്പറിൽ ഒപ്പിട്ട് വാങ്ങി, ഡയാലിസിസിന് വച്ച പൈസ വരെ ഫീസായും ബഞ്ച് ക്ലാർക്കിന് കൊടുക്കാനെന്നുമൊക്കെ പറഞ്ഞ് വാങ്ങിയതിൽ അന്നാദ്യമായി കുറ്റബോധം തോന്നി.ഇഷൂസ് ഫ്രെയിം ചെയ്യാൻ വച്ചേക്കുവാ കേസ് ,കോടതി ബഞ്ച് ക്ലർക്കിനും സൂപ്രണ്ടിനും ജീവനക്കാർക്കും കൈമടക്ക് കൊടുക്കേണ്ടി വരുമെന്ന് കക്ഷിയെ വിളിച്ചു വിരട്ടുന്ന രാജൻ സാറിനെ കണ്ടാ ഇതൊക്കെ പഠിച്ചത്!...
കണ്ടെയ്നർ റോഡിലൂടെ പോകുമ്പോൾ മീരയെ വിളിക്കണമെന്നു തോന്നി
.. പലതും പറഞ്ഞ് തുടങ്ങി ആവേശത്തോടെ മുന്നേറുമ്പോൾ അയാൾ പറഞ്ഞു ..
'മീരാ പക്വത ഇല്ലായ്മയാണ് ഇന്നത്തെ ചെറുപ്പക്കാരുടെ പ്രശ്നം .. ഭംഗിയായി കൊണ്ടു പോയാൽ എക്സ്ട്രാ മാരിറ്റൽ അഫയർ പോലെ ഹൃദ്യമായ അനുഭവം വേറെയുണ്ടാവില്ല. നമ്മടെ വേവ് ലെങ്ങ്തുള്ളൊരാൾ ... ഒരിക്കലും പരസ്പരം ഭാരമാകാത്ത .. നന്നായി മനസ്സിലാക്കുന്ന ഒരാൾ ആണെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല....
ഉദാഹരണത്തിന് അസമയത്ത് ഒന്നും വിളിക്കാതെ ,ഇങ്ങോട്ട് വിളിക്കുമ്പോൾ മാത്രം തിരിച്ചുവിളിക്കുന്ന ,എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ......
അപ്പുറത്ത് നീണ്ട മൗനം ..
'മീര ' എന്തേ ഒന്നും പറഞ്ഞില്ല?
ഏയ് ഒന്നുമില്ല സാർ .സാറിന്റെ വൈഫ് ഇന്ദു ടീച്ചറിനെ ഓർത്തു .. ടീച്ചറിപ്പഴും ഇന്റർ ഡിസ്ട്രിക്ട് ട്രാൻഫർ കിട്ടാതെ പാലക്കാട് സ്കൂളിൽ തന്നല്ലേ?
അതെ എന്തേ മീരാ ..?ഉമേഷ് ചോദിച്ചു
'സാർ പറഞ്ഞ പോലെ വേവ് ലെങ്ങ്തുള്ള ഒരാൾ ടീച്ചറെ കണ്ട് മുട്ടുന്ന രംഗം ഞാൻ വെറുതെ മനസ്സിലോർത്തു ...
'മീരാ' .... ഒരു നിലവിളിയോടെ ഉമേഷ് വക്കീൽ വിളറി വിയർത്ത് ഒതുക്കിയിട്ട സിഫ്റ്റിലേക്ക് ചാഞ്ഞു നിന്നു.പിന്നെ ടെൻഷനോടെ,ഇന്ദു ടീച്ചർ ഓൺ ലൈൻ ക്ലാസ്സിലാണെന്നറിഞ്ഞിട്ടും വീഡിയോ കോൾ വിളിക്കാൻ തുടങ്ങി ..
...................
No comments:
Post a Comment