Search This Blog

Saturday, October 31, 2020

ലിവിംഗ് ടുഗെദർ ബന്ധങ്ങളും ഗാർഹിക പീഡന നിരോധന നിയമവും

 ലിവിംഗ് ടുഗെദർ ബന്ധങ്ങളും, 

ഗാർഹിക പീഡന നിരോധന നിയമവും

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

          പ്രസാദ് എം മങ്ങാട്ട്


ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന മെറിൻ കോടതിയിലെത്തിയത് ഒരുപാട് ആശങ്കകളോടെയായിരുന്നു .

5 വർഷമായി സഹപ്രവർത്തകനോടൊപ്പം ലിവിംഗ് ടുഗെദർ ബന്ധത്തിൽ ജീവിക്കുകയായിരുന്നു മെറിൻ. പെട്ടന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത് പങ്കാളിക്ക് സഹപ്രവർത്തകയുമായി മറ്റൊരു ബന്ധം ഉണ്ടായതോടെ

താൻ കൂടി ഷെയറിട്ട് വാങ്ങിയ ഫ്ലാറ്റിൽ നിന്നും മെറിൻ വഞ്ചിക്കപ്പെട്ട് പുറത്തായ അവസ്ഥ.

എം.ടെക്ക് കാരിയാണെങ്കിലും മെറിൻ കരുതിയിരുന്നത് അവർ നിയമപരമായി വിവാഹം കഴിക്കാത്തതു കൊണ്ട് നിയമ പരിരക്ഷ ലഭിക്കില്ല എന്നതായിരുന്നു.

വിവരം പറഞ്ഞപ്പോൾ മെറിന്റെ സുഹൃത്തിന്റെ ഇടപെടലായിരുന്നു വിഷയം കോടതിയിലെത്താനും കഴിഞ്ഞത്.കോടതി,

മെറിനെ ആ ഫ്ലാറ്റിൽ  നിന്നുംപുറത്താക്കിയ നടപടിയെ  

വിലക്കി ഉത്തരവിടുകയും , ആവശ്യമായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു.


ഗാർഹികവാസസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന 

ശാരീരികവും , മാനസീകവും, സാമ്പത്തീകപരവുമായ അതിക്രമങ്ങളേയും ,ചൂഷത്തേയും തടയാൻ ഉദ്ദേശിച്ച് നടപ്പാക്കിയിട്ടുള്ളതാണ് ഗാർഹിക പീഡന നിരോധന നിയമം 2005.



ഗാർഹിക ബന്ധമെന്നാൽ (Domestic relation Ship)

വിവാഹബന്ധവും, രക്ത ബന്ധവും,

ലിവിംഗ് ടുഗെദർ ബന്ധവും ഉൾപ്പെടുമെന്ന്  Sec 2( f) ൽ വ്യക്തമാക്കുന്നു.


ഗാർഹീക പീഡനം എന്നാൽ എന്ത് ? 

............................................


ഗാർഹിക ബന്ധത്തിൽ സ്ത്രീയുടെ ആരോഗ്യത്തിനും ,

സുരക്ഷക്കും, 

ജീവനും ഹാനികരമായ ശാരീരിക, മാനസീക, സാമ്പത്തിക ചൂഷണങ്ങളും അതിക്രമങ്ങളും,

സ്ത്രീധനവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ടുള്ള ഭീക്ഷണി, അധിക്ഷേപം,

ശാരീരിക അതിക്രമം,

കുട്ടികൾ ഇല്ലാത്തതിന്റെ പേരിലുള്ള കളിയാക്കൽ,

സ്ത്രീത്വത്തിന്റെ അന്തസ്സിന് നിരക്കാത്ത രീതിയിലുള്ള ലൈംഗിക ബന്ധങ്ങൾക്ക് നിർബന്ധിക്കൽ,

 തനിച്ചോ, 

കൂട്ടായോ നേടിയ സ്വത്തുക്കൾ നശിപ്പിക്കുകയോ അന്യാധീനപ്പെടുത്തുക,

പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽനിന്നും വിലക്കുക തുടങ്ങിയവ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നു.


ഗാർഹിക പീഡനം നേരിട്ടാൽ

..................................


ഗാർഹീക പീഡനം നേരിട്ടാൽ ,നേരിട്ട വ്യക്തിക്കോ,

 പ്രോട്ടക്ഷൻ ഓഫീസർ നൽകുന്ന  ഡോമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് വഴിയോ, 

മറ്റേതെങ്കിലും വ്യക്തികൾ വഴിയോ 

ആയതിൽ പരിഹാരം നേടുന്നതിനായി

താൻ താമസിക്കുന്ന/ജോലി ചെയ്യുന്ന/ എതിർകക്ഷി താമസ്സിക്കുന്ന സ്ഥലത്തിന്റെ അധികാര പരിധിയിലുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ പരാതി നൽകാവുന്നതാണ് .


സൗജന്യ നിയമ സഹായം ആവശ്യമെങ്കിൽ സ്ഥലത്തെ ലീഗൽ സർവീസ് അഥോരിറ്റിയെ സമീപിക്കാവുന്നതും അവർ പാനൽ അഭിഭാഷകരുടെ തികച്ചും സൗജന്യ നിയമ സഹായം നൽകുന്നതുമാണ്.

അവശ്യമെങ്കിൽ വൈദ്യസഹായവും,

കൗൺസലിംഗും നൽകുന്നതാണ്.


കോടതി നൽകുന്ന ഉത്തരവുകൾ

.......................................

  Sec 17 പ്രകാരം ഗാർഹിക ബന്ധം  നിലനിന്ന വീട്ടിൽ നിന്നും, തനിക്ക് വീടിൻമേൽ ഓഹരിയോ, പങ്കാളിത്തമോ, ഉടമസ്ഥാവകാശമോ ഇല്ലെങ്കിലും 

ആ വീട്ടിൽ നിന്നും പുറത്താക്കുന്നതിൽ നിന്നും എതിർ കക്ഷിയെ വിലക്കി ഉത്തരവിടാവുന്നതാണ്.


സംരക്ഷണ ഉത്തരവ് (Protection order )Sec18

.............................................


 ഗാർഹിക പീഡനം നടന്നാൽ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും എതിർകക്ഷിയെ വിലക്കി ഉത്തരവിടാവുന്നതാണ്.


a. ഏതെങ്കിലും രീതിയിലുള്ള ഗാർഹിക പീഡനം ചെയ്യുന്നത് വിലക്കി

b. പീഡനത്തിന് ഒത്താശ ചെയ്യുന്നത് വിലക്കി

c. പരാതിക്കാരിയുടെ ജോലി സ്ഥലത്തോ ,പതിവ് സന്ദർശന സ്ഥലങ്ങളിലോ പ്രവേശിക്കുന്നത് വിലക്കി,


d. നേരിട്ടോ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ബന്ധപ്പെടാൻ ശ്രമിക്കുന്നത് വിലക്കി


e. പരാതിക്കാരിയുടെ സ്വന്തമായോ കൂട്ടായോ ഉള്ള ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ  ,

വസ്തു വഹകൾ എന്നിവ അന്യാധീനപ്പെടുത്തുന്നത് വിലക്കി


f.പരാതിക്കാരിയേയോ ,അവരുടെ ആശ്രിതതരേയോ, ബന്ധുക്കളേയോ അതിക്രമിക്കുന്നതിൽ നിന്നും വിലക്കിയും കോടതിക്ക് ഉത്തരവിടാവുന്നതാണ് .


റസിഡൻസ് ഓർഡർ Sec 19

.......................................


പരാതിക്കാരി ജീവിക്കുന്ന വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്നും എതിർകക്ഷിയേയും ബന്ധുക്കളേയും വിലക്കിയും,

പരാതിക്കാരിയുടെ സ്റ്റാൻഡേർഡിന് ചേർന്ന മറ്റ് താമസസ്ഥലം എർപ്പാടാക്കാൻ ഉത്തരവിട്ടും,

ഈ ഉത്തരവുകൾ നടപ്പാക്കാൻ

ഏറ്റവും അടുത്തുള്ള പോലീസ് അധികാരികളോട് നിർദ്ദേശിച്ചും ഉത്തരവിടാവുന്നതാണ്.


സാമ്പത്തിക നിവൃത്തികൾ Sec 20

.....................................

പരാതിക്കാരിക്കും കുട്ടികൾക്കും ആവശ്യമുള്ള ജീവിത ചെലവുകൾക്കുള്ള തുക എതിർകക്ഷിയോട് നൽകാനും, അഥവാ എതിർകക്ഷിയുടെ തോഴിൽ ദാതാവിനോട് ടി തുക പരാതിക്കാരിക്കായി കോടതിയിൽ കെട്ടിവെക്കാനും

 ഉത്തരവിടാവുന്നതാണ്.


കസ്റ്റഡി ഉത്തരവ് sec 21

.........................

കുട്ടികളുടെ കസ്റ്റഡിയും , സന്ദർശനവും സംബന്ധിച്ചുള്ള ഉത്തരവുകൾ നൽകാവുന്നതാണ്


നഷ്ടപരിഹാര ഉത്തരവ്    Sec 22

....................................


ഗാർഹീക പീഡനം നേരിട്ട വ്യക്തിക്കുണ്ടായ എല്ലാ ശാരീരിക, മാനസീക കഷ്ട നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകി ഉത്തരവിടാവുന്നതാണ്.


Thursday, October 29, 2020

How to apply for duplicate SSLC book In case of lost or destroyed

SSLC ബുക്ക്   നഷ്ടപ്പെട്ടാൽ ഡൂപ്ലിക്കറ്റ്   ലഭിക്കാൻ എന്തു ചെയ്യണം

.............................................


SSLC ബുക്ക് നഷ്ടപ്പെടുകയോ, നശിച്ചുപോകുകയോ ചെയ്യുമ്പോൾ  എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെടുന്നവർ  ധാരാളമുണ്ട്. 

നഷ്ടപ്പെട്ട SSLC ബുക്കിന്റെ ഡൂപ്ലിക്കേറ്റ് ലഭിക്കാൻ ആദ്യം ചെയ്യേണ്ടത് നിങ്ങൾ SSLC പരീക്ഷ എഴുതിയ സ്കൂൾ അധികാരികളെ സമീപിക്കേണ്ടതാണ് .

നിങ്ങൾ പഠിച്ച വർഷം രജിസ്റ്റർ നമ്പർ തുടങ്ങിയ വിവരങ്ങൾ മറന്നു പോയെങ്കിൽ സ്കൂൾ രജിസ്റ്ററിൽ നിന്നും കണ്ടെത്താവുന്നതാണ്.

നിർദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ച് സ്കൂൾ അധികാരികൾ വഴി, അവരുടെ  സാഷ്യപത്രം സഹിതമാണ് നിങ്ങളുടെ അപേക്ഷ പരീക്ഷാ ഭവനിലേക്ക് അയക്കുന്നത്.


അവശ്യമായ രേഖകൾ

.........................................


1. സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഡൂപ്ലിക്കേറ്റിനായുള്ള ഫീസടച്ച ചെലാൻ ഒറിജിനൽ

2. നിങ്ങളുടെ സർട്ടിഫിക്കേറ്റ് തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെട്ട് പോയെന്ന് കാണിച്ച് പത്രപരസ്യം നൽകേണ്ടതും ആയത്  അപേക്ഷയോടൊപ്പം അയക്കേണ്ടതുമാകുന്നു.


3. നിങ്ങളുടെ സർട്ടിഫിക്കേറ്റ് തിരിച്ചുകിട്ടാനാവാത്തവിധം നഷ്ടപ്പെട്ടു പോയെന്ന് കാണിച്ച് മുദ്ര പേപ്പറിൽ തയ്യാറാക്കിയ സത്യവാങ്മൂലം നിങ്ങൾ താമസ്സിക്കുന്ന സ്ഥലത്തിന്റെ അധികാര പരിധിയിലുള്ള ജുഡീഷ്യൽ  ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തിയിരിക്കണം.

(സത്യവാങ്മൂലം തയ്യാറാക്കി ലഭിക്കുന്നതിന്  അഭിഭാഷകരുടെ സേവനം ലഭിക്കുന്നതാണ്)


 പ്രസക്തമായ രേഖകൾ സഹിതം സ്കൂൾ അധികാരി വഴി പറിക്ഷാ ഭവനിലേക്ക് നൽകുന്ന അപേക്ഷപ്രകാരം പരമാവധി ഒരു മാസത്തിനകം ഡൂപ്ലിക്കേറ്റ് SSLC ബുക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്.



Tuesday, October 27, 2020

Food Safety and Standards Act 2006:Basic awareness

ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006 : അടിസ്ഥാന വിവരങ്ങൾ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

By പ്രസാദ് എം മങ്ങാട്ട്


ഒരുമ സ്ത്രീ കൂട്ടായ്മയുടെ സെക്രട്ടറിയായ വനജ ചേച്ചി രാവിലെ എത്തിയത്       ഒരു ആശങ്കയുമായിട്ടായിരുന്നു.

ലോക്ക് ഡൗൺ കാലമല്ലേ അച്ചാറും ,പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി വിൽക്കുന്ന ചെറിയ യൂണിറ്റ് തുടങ്ങുന്നതിനിടക്കാണ് ,

 ഇതിനൊക്കെ ലൈസൻസ് വേണമെന്ന് 

കേട്ടത്.


     രാജ്യത്ത് നടപ്പിൽ വരുന്ന പല നിയമങ്ങളെ പറ്റിയും സാധാരണക്കാർ അറിയുന്നതേയില്ല.

പോക്സോ ആക്ട് രാജ്യത്ത് നടപ്പാക്കിയതറിയാതെ  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗോത്രോചാരപ്രകാരം വിവാഹം ചെയ്ത്  ജയിലിലായ വയനാട്ടിലെ 

നിഷ്ക്കളങ്കരും നിരാലംബരുമായ ചെറുപ്പക്കാരുടെ അവസ്ഥ ഞാനോർത്തു.


ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006

.............................................


1954 ലെ മായം ചേർക്കൽ നിരോധന നിയമം (PFA Act 1954 ) രാജ്യത്ത് അപര്യാപ്തമായതിനെ തുടർന്ന് നിർമ്മിച്ച നിയമമാണ് 

Food safety and standards Act 2006 .

രാജ്യത്ത് ഭക്ഷ്യ ഉല്പാദക ,സംഭരണ, വിതരണ, വില്പന, ഇറക്കുമതി രംഗത്ത് , ഉപഭോക്താവിന്റെ ജീവനും  ആരോഗ്യത്തിനും സംരക്ഷണം ശാസ്ത്രീയാധിഷ്ടിതമായിഉറപ്പു വരുത്തുന്ന നിയമമാണിത്.

ഈ നിയമം നടപ്പാക്കേണ്ട കേന്ദ്ര അധികാര സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോരിറ്റി ഓഫ് ഇന്ത്യ (FSSAI)

 

ഭക്ഷ്യ ഉല്പാദക, വിതരണ, വില്പന, സംഭരണ മേഘലയിലെ ഭക്ഷ്യ സുരക്ഷ ലൈസൻസ് രാജ്യത്ത് ആദ്യമായി പൂർണ്ണമായും നടപ്പാക്കിയ ജില്ലയായി

2018 മാർച്ച് 19ന് കൊല്ലം ജില്ലയെ പ്രഖ്യാപിക്കുകയുണ്ടായി.


 ആക്ടിലെ സുപ്രധാന വകുപ്പുകൾ

.........................................


Section 51

....................

 ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴ.


Sec.53_ ഗുണനിലവാരത്തെപ്പറ്റി തെറ്റായ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്- 

5 ലക്ഷം രൂപ പിഴ.


Sec 56. 

വ്യത്തിഹീനമായ, ശുചിത്തമില്ലാത്ത സാഹചര്യത്തിലുള്ള ഭക്ഷണ നിർമ്മാണം- 

1 ലക്ഷം രൂപ പിഴ.


Sec 57. 

ഹാനികരമായ ഭക്ഷണങ്ങളുടെ നിർ മ്മാണം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി --

 10 ലക്ഷം രൂപ പിഴ


Sec 59. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം ഗുരുതരമായ പരിക്കുണ്ടായാൽ - 

6 വർഷം തടവും 5 ലക്ഷം രൂപ പിഴയും-

മരണം സംഭവിച്ചാൽ 7 വർഷം തടവു ശിക്ഷയിൽ കുറയാത്തതും ജീവപര്യന്തം തടവ് ശിക്ഷയും വരെയും 10 ലക്ഷം രൂപ പിഴയും


Sec 63. 

ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം ,വിതരണം,സംഭരണം, വില്പന - 

6 മാസം തടവും 5 ലക്ഷം രൂപ പിഴയും


Sec 65 -

ഹാനികരമായ ഭക്ഷണം മൂലം മരണം സംഭവിച്ചാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരവും,

ഗുരുതരമായ പരിക്കേറ്റാൽ 3 ലക്ഷം രൂപയും,

നിസ്സാര പരിക്കുകൾക്ക് 

1 ലക്ഷം രൂപയും നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നു.


മരണം സംഭവിച്ച കേസുകളിൽ 30 ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കുന്നതാണ്


ലൈസൻസ്

.....................


FSS Act  പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ ഉല്പാദനം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി എന്നിവക്ക് രജിസ്ട്രേഷൻ/ലൈസൻസ് ആവശ്യമാണ്. ലൈസൻസ്/രജിസ്ട്രേഷൻ എന്നിവ ഇല്ലാത്ത കുറ്റത്തിന് 6 മാസം തടവും 5 ലക്ഷം രൂപ പിഴയും ചുമത്തുന്നതാണ്.


ലൈസൻസ് / രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ

...........................


 ഷോപ് & കോമേഴ്സ്യൽ എസ്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം ബിസ്സിനസ്സ് സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസ്,

ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമായ പഞ്ചായത്ത് / മുൻസിപ്പൽ/കോർപ്പറേഷൻ  ലൈസൻസ് എന്നിവയും ഉണ്ടാകേണ്ടതാണ്.


12 ലക്ഷം രൂപ വരെ  വിറ്റുവരവുള്ള ഭക്ഷ്യ ഉല്പാദക, സംഭരണ വിതരണ, വില്പന ഇറക്ക്മതി സംരംഭങ്ങൾക്ക്  FSSAI യിൽ നിന്നും Form A യിൽ അപേക്ഷിച്ച് 

Basic Registration നേടേണ്ടതും


12 ലക്ഷം മുതൽ 20 കോടി വരെയുള്ള സംരംഭങ്ങൾക്ക് FSSAl യിൽ നിന്നും ലൈസൻസ് നേടേണ്ടതും

20 കോടിക്ക് മുകളിലുള്ള സംരഭങ്ങൾക്ക്

 Central FSSAI യിൽ നിന്നും ലൈസൻസ് നേടേണ്ടതുമാണ്.


ലൈസൻസിനായി FSSAI യുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ നിർദ്ദിഷ്ട രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് 

സുരക്ഷാ പരിശോധനകൾ പൂർത്തിയായി 4 ദിവസത്തിനകം ലൈസൻസ് ലഭ്യമാകുന്നതാണ്.


ക്രിസ്തുമസ്സ് അടുത്തു വരുന്നു അനുമതിയില്ലാതെ വില്പനക്കായി വൈനും കേക്കുമൊക്കെ ഉണ്ടാക്കി ഇത്തിരി ചില്ലറ ഒപ്പിക്കാമെന്ന് വച്ചാൽ പണി കിട്ടിയേക്കാം ജാഗ്രതേ .


Sunday, October 25, 2020

Anticipatory Bail: What the law Says ? By Prasad M Manghattu

മുൻകൂർജാമ്യം : നിയമം എന്തു പറയുന്നു

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 

        പ്രസാദ് എം മങ്ങാട്ട്


മുൻകൂർ ജാമ്യം എന്ന വാക്ക് കേൾക്കാത്തവർ വിരളമായിരിക്കും.

ഇതൊക്കെ അറിഞ്ഞിരിക്കുന്നത് ഉപകാരപ്പെട്ടേക്കാം.


 ക്രിമിനൽ നടപടിക്രമം  (The code of Criminal Procedure ,1973) സെക്ഷൻ 438 ലാണ് ഇതിനെപ്പറ്റി വ്യക്തമാക്കുന്നത്.


ഒരു വ്യക്തി ജാമ്യം ലഭിക്കാത്ത കുറ്റങ്ങളിൽ (Non-bailable offence) ആരോപിതനായി അറസ്റ്റ് ചെയ്യപ്പെടും എന്ന് ഭയപ്പെടുമ്പോൾ , അറസ്റ്റിന് മുമ്പായി ജാമ്യം ലഭിക്കുന്നതിന് ഹൈക്കോടതിലോ സെഷൻസ് കോടതിയിലോ അപേക്ഷിക്കുന്നതിനെ (Anticipatory Bail) എന്നു പറയുന്നു.


 മുൻകൂർ ജാമ്യം നൽകുന്നതിന് കോടതി പ്രധാനമായും പരിഗണിക്കുന്ന സംഗതികൾ


i.  മുൻകൂർ ജാമ്യം തേടുന്ന വ്യക്തിയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ സ്വഭാവവും , ആയതിന്റെ ഗൗരവവും


ii.കുറ്റാരോപിതന്റെ പൂർവ്വകാല ക്രിമിനൽ ചരിത്ര പശ്ചാത്തലം /ഏതെങ്കിലും കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച്


iii. ടി വ്യക്തി നിയമത്തിൽ നിന്നും ഒളിച്ചോടാനുള്ള സാദ്ധ്യത

iiii. ടിയാൾ അറസ്റ്റ് ചെയ്യപ്പെടുന്നതിലൂടെ, വ്യക്തിഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടിയുള്ള  കുറ്റാരോപണം.


 മേൽ സൂചിപ്പിച്ച സാഹചര്യങ്ങൾ പരിശോധിച്ച് കോടതിക്ക് 

മുൻകൂർ ജാമ്യ ഹർജി നിരസിക്കുകയോ അനുവദിക്കുകയോ ചെയ്യാവുന്നതാണ് .


 മുൻകൂർ ജാമ്യഹർജി നിരസിക്കുന്ന പക്ഷം ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൗരവം കണക്കാക്കി ടിയാളെ അന്വഷണ ഉദ്യോഗസ്ഥന് അറസ്റ്റു ചെയ്യാവുന്നതാണ്.

മുൻകൂർ ജാമ്യം അനുവദിക്കുന്ന പക്ഷം കോടതിക്ക്  സാഹചര്യങ്ങൾക്ക് അനുസ്യതമായി യുക്തമെന്ന് തോന്നുന്ന ജാമ്യ വ്യവസ്ഥകൾ(Bail conditions)

 ജാമ്യ ഉത്തരവിൽ നിർദ്ദേശിക്കാവുന്നതാണ്.

മുൻകൂർ ജാമ്യം ലഭിച്ചയാളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കണമെന്ന് നിയമം അനുശാസ്സിക്കുന്നു.


പ്രധാന ഉപാധികൾ

................................. ...

1.അന്വഷണ ഉദ്യോഗസ്ഥൻ 

മുമ്പാകെ ആവശ്യപ്പെടുന്ന സമയത്ത്  അന്വഷണ ആവശ്യത്തിലേക്ക് ഹാജരാവുക.

2. ജാമ്യം ലഭിക്കുന്ന വ്യക്തി, നേരിട്ടോ അല്ലാതെയോ

കേസ്  വസ്തുതകൾ അറിയാവുന്നവരെ, ആ വിവരങ്ങൾ കോടതി മുമ്പാകെയോ, പോലീസ് മുമ്പാകെയോ നൽകുകയോ,

വെളിപ്പെടുത്തുകയോ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി,  പ്രേരിപ്പിക്കുകയോ, വാഗ്ദാനങ്ങൾ ചെയ്യുകയാ, ഭീക്ഷണിപ്പെടുത്തുകയോ

പാടില്ലാത്തതാണ് 

എന്നും

3. കോടതിയുടെ അനുമതി കൂടാതെ ഇന്ത്യ വിട്ടു പോകില്ല എന്നുമുള്ള നിബന്ധനയും നിർദ്ദേശിക്കാവുന്നതാണ്.

പ്രധാനമായും കേസിന്റെ സാഹചര്യങ്ങൾ പരിഗണിച്ച്‌ യുക്തമെന്ന് തോന്നുന്ന കൂടുതൽ ഉപാധികകളും കോടതിക്ക് ഉത്തരവിടാവുന്നതാണ് .

ഉപാധികൾ ലംഘിക്കുന്ന പക്ഷം കോടതിക്ക് ജാമ്യം റദ്ദാക്കാവുന്നതാണ് .


ജാമ്യവ്യവസ്ഥകളിൽ ഭേദഗതി / ഇളവ്(Modification of Bail condition) ആവശ്യമുള്ള പക്ഷം കോടതിയെ സമീപിക്കാവുന്നതാണ്.


മുൻകൂർജാമ്യം എന്ന നിയമം വ്യക്തി സ്വാതന്ത്യത്തിന്റെ പരിരക്ഷയാണെന്നും എന്നാൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പാസ്പ്പോർട്ടും , കുറ്റങ്ങൾ മറയ്ക്കാനുള്ള പരിചയുമല്ലെന്ന് സുപ്രീം കോടതി പർവീന്ദർജിത് സിംങ് vs (UT Chandiarh) എന്ന കേസിൽ വ്യക്തമാക്കിയിട്ടുള്ളത് ശ്രദ്ധേയമാണ്.


Saturday, October 24, 2020

Queen's Walkway :An enchanting hotspot of Cochi City-By Prasad M Manghattu


 കൊച്ചിയിലെ ഹോട്ട്                   

     സ്പോട്ടുകൾ

🌳🌳🌳🌳🌳🌳🌳


കൊച്ചി നഗരത്തിന്റെ  ഓക്സിജൻ ഹബ്ബായ മംഗള വനം കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട 

എൻചാന്റിംഗ് ഹാൾട്ടിംഗ് പ്ലേസ്സായി മാറിക്കഴിഞ്ഞു ക്യൂൻസ് വാക് വേ .

ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും 1.5 KM മാറി ഏകദേശം 1.8 കിലോമീറ്ററോളം കായലോരത്തുകൂടി നീണ്ടു കിടക്കുന്ന രാജകീയമായ നടപ്പാത കാഴ്ചയേയും യാത്രയേയും കിടിലമാക്കും .

സമൃദ്ധമായ കണ്ടൽക്കാടുകൾ അതിരിടുന്ന തണലിൽ നിങ്ങൾക്കിരുന്ന് കായലിന്റെ സൗന്ദര്യം ആവോളം അസ്വാദിക്കാം .. സ്വസ്ഥമായിരുന്ന് ചൂണ്ടയിടാം .. 

കായലിലെ ചീനവലകളിലേക്ക് നോക്കിയിരിക്കാം.

പാതയോരങ്ങളിലെല്ലാം പൂക്കൾ വിരിഞ്ഞു നിൽക്കുന്നു .ഇലഞ്ഞിയും ബദാമും, അത്തിയുമൊക്കെ തണലിട്ട് നിൽക്കുന്നു. വിശാലമായി ഇരിക്കാൻ ധാരാളം ഇരിപ്പിടങ്ങൾ .

ഷോർട്ട് ഫീലിം പിടുത്തം, വെഡിംഗ് ആൽബം ചിത്രീകരണം എന്നു വേണ്ട   

സർപ്രൈസുകളുടെ 'കൃe ൻസ് വാക് വേ ' നിങ്ങൾക്കായി ഒരു അരങ്ങാണ് ഒരുക്കി വെച്ചിരിക്കുന്നത്.


കൊച്ചിക്കാരുടെ പ്രഭാതവും സായാഹ്നവും ഇത്രമേൽ സന്തോഷമാക്കുന്ന മറ്റൊരു സ്ഥലവുമുണ്ടാകില്ല .

പ്രഭാതസവാരിക്കിറങ്ങുന്നവരെ കാത്തിരിക്കുന്നത് ഗംഭീര സെറ്റപ്പാണ് .

കൃeൻസ് വാക് വേ അവസാനിക്കുന്ന ചാത്യേത്ത് പള്ളിയോട ത്തുള്ള ഭാഗത്ത് പുതുതായി സ്ഥാപിച്ച ഫ്രീ ഓപ്പൺ ജിംനേഷ്യം ഗംഭീരം തന്നെ.

കായൽ കാഴ്‌ചകൾ കണ്ട് മസ്സിൽ പെരുപ്പിക്കാൻ ഡംബലുകൾ നിങ്ങളെയും കാത്ത് അവിടെയുണ്ടാവും .

എല്ലാവിധ ഫിറ്റ്നസ്സ് എക്ക്യംപ്പ്മെന്റുകളും അവിടെയുണ്ട്.

തൊട്ടടുത്തുള്ള മിനി ഓപ്പൺ സ്റ്റേജിൽ എന്നും രാവിലെ ഗാനമേളകൾ ഉണ്ടാവും, പാട്ട് ചെറുതായെങ്കിലും വശമുണ്ടെങ്കിൽ

നിങ്ങൾക്കും ഇഷ്ടമുള്ള ഗാനങ്ങൾ ആലപിക്കാം, പാട്ട് കേട്ട് നടക്കാം ,

പുഷ്അപ്പ് അടിക്കാം അല്ലെങ്കിൽ ഒരു ചായയും പത്രവും വാങ്ങി വായിച്ചിരിക്കാം .. തീർന്നില്ല 

ഒരു ചൂണ്ടയുമായി ഇറങ്ങിയാൽ എല്ലാം കണ്ട് നിറയെ മീനുമായി മടങ്ങാം, അതും നടന്നില്ലേൽ

ചെറുവള്ളക്കാർ പിടിക്കുന്ന പലതരം ഫ്രെഷ് മീനുകൾ കുറഞ്ഞ വിലക്ക് നിങ്ങൾക്ക് വാങ്ങാൻ കിട്ടും.

cctv കവറേജ്എല്ലാ ഭാഗത്തും ഉള്ളതിനാൽ മറ്റൊന്നും ഭയപ്പെടാതെ നിങ്ങൾക്ക് യഥേഷ്ടം സമയം ചിലവഴിക്കാം

ക്യൂൻസ് വാക് വേ വിശേഷങ്ങൾ 

പറഞ്ഞാൽ തീരില്ല ..







Friday, October 23, 2020

Bipolar disorder patients life In COVID days_By Prasad M Manghattu

 കോവിഡ് കാലത്തെ ബൈപോളാർ ഡിസോർഡർ രോഗികൾ

................................. ...........

      പ്രസാദ് എം മങ്ങാട്ട്


കുറേ ദിവസമായി ഹോമിയോ ഡോക്ടറായ സുഹൃത്തിന്റെ ഫോൺ കോളുകളൊന്നും കാണാത്തതു കൊണ്ടും ,വിളിച്ചിട്ട് കിട്ടാതിരുന്നതുകൊണ്ടുമാണ് അവന്റെ ക്ലിനിക്കിലേക്ക് പോയത് .

വിവരങ്ങൾ കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ ഓർത്തുപോയി.

 സോഫ്റ്റ് വെയർ എഞ്ചിനിയറായ അവന്റെ അനുജനെപ്പറ്റിയായിരുന്നു അവന്റെ സങ്കടങ്ങൾ. ബാംഗ്ലൂരിലെ പ്രശസ്തമായ കോളജിൽ നിന്നും എം.ടെക് ഉയർന്ന നിലയിൽ പാസ്സായിരുന്നു അനുജൻ .പ0നകാലത്ത് അതിസമർഥനായിരുന്ന അവൻ പെട്ടന്ന് ബൈപോളാർ ഡിസോർഡർ രോഗത്തിൽ എത്തപ്പെടുകയായിരുന്നു .ഹോസ്റ്റലിൽ നിന്നും അന്ന്  അറിയിച്ചതനുസരിച്ച് അവനെ കൂട്ടികൊണ്ടുവരാൻ കൂട്ടുകാരനോടൊപ്പം ബാംഗ്ലൂർക്ക്  ഞാനും പോയിരുന്നു .ട്രെയിനിലായിരുന്നു മടക്കം.

എപ്പോഴും മൗനമായിരിക്കും ചിലപ്പോൾ കരയും ,

ചിലപ്പോൾ പൊട്ടിത്തെറിക്കും, ഒന്നു രണ്ട് തവണ ട്രെയിനിൽ നിന്ന് ചാടാൻ ശ്രമിച്ചു.

ഒരുവിധത്തിൽ

കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്തെത്തിച്ചു. ചികിത്സയിൽ സ്ഥിതി ഏറെ ഭേദപ്പെട്ട അയാൾ രണ്ട് വർഷം മുമ്പ് വിവാഹിതനായിരുന്നു. സ്വന്തമായി ഒരു ബിസിനസ് സംരംഭവുമായി ജീവിച്ചു വരുമ്പോഴാണ് കോവിഡിന്റെ വരവ് .സ്ഥാപനം അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിയപ്പോൾ പാവം തകർന്നു പോയിരുന്നു. വീണ്ടും പഴയ രോഗാവസ്ഥകൾ കാണിച്ചു തുടങ്ങിയിരിക്കുന്നു ഇതിനെത്തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് കുട്ടിയേയും കൂട്ടിപ്പോയതിൽപിന്നെ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുന്നു.കൂട്ടുകാരനൊപ്പം പലപ്പോഴും അവന്റെ അനുജന്റെ ചികിത്സക്ക് ട്രീറ്റ്മെന്റ് സെന്ററിൽ പോയപ്പോഴൊക്കെ  കണ്ട 

സമാനരോഗികളെപ്പറ്റി ഞാനോർക്കുകയായിരുന്നു.ഈ കോവിഡ് കാലത്തെ അവർ എങ്ങനെയാണ് അതിജീവിക്കുന്നുണ്ടാവുക?


എന്താണ് ബൈപോളാർ

 ഡിസോർഡർ രോഗം

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


മൂഡ് സ്വിങ്ങ് അഥവാ വിഷാദ രോഗവും   ഉന്മാദവും മാറി മാറി വരുന്ന രോഗാവസ്ഥ യാണ് ബൈപോളാർ ഡിസോർഡർ.

തലച്ചോറിലെ ഡോപ്പമിൻ, സിറട്ടോണിൻ,ഗ്ലൂട്ടമേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ വ്യതിയാനമാണ് ഈ രോഗാവസ്ഥക്ക് കാരണം.

വ്യത്യസ്ഥ ഇടവേളകളിൽ വിഷാദവും ഉൻമാദവും  ആവർത്തിക്കുന്നു . ജീവിതം ആകെ തകിടം മറിയുന്ന മാനസീകാവസ്ഥയിലുടെ കടന്നു പോകുന്ന രോഗിക്ക് സാധരണ അവസ്ഥയിലേക്ക് മടങ്ങി വരാൻ അനുഭാവ പൂർണ മായ ചികിത്സ ആവശ്യമാണ് .

കടുത്ത മദ്യാസക്തിയിലേക്കോ ലഹരിയിലേക്കോ ഒക്കെ രോഗി എത്തപ്പെടുന്ന സാഹചര്യത്തിൽ കുടുംബ ബന്ധങ്ങൾ തകരാറിലാകുന്നതിനും തോഴിൽ നഷ്ടമാകുന്നതും ഒക്കെ സാധാരണമാണ്. 

കടുത്ത വിഷാദത്തിന്റെ അവസ്ഥയിൽ തന്റെ ഭാവി ഇരുളടെഞ്ഞെന്നും, താൻ ഒറ്റപ്പെട്ടെന്നും, തന്നോട് എല്ലാവർക്കും ശത്രുതയാണെന്നുമൊക്കെ രോഗിക്ക് തോന്നും. ചില സമയങ്ങളിൽ ജീവിത പങ്കാളി തന്നെ വഞ്ചിക്കുന്നു എന്നു തോന്നി പല കഥകളും ഇവർ വിഭാവന ചെയ്യും,ആയത് കുടുംബ കലഹത്തിലേക്കും തകർച്ചയിലേക്കും എത്താറുണ്ട് .ചിലർ ആത്മഹത്യാ പ്രവണത കാണിക്കുകയോ ,അക്രമാസക്തരാവുകയോ ചെയ്യാറുണ്ട്.

പലതും പറഞ്ഞും ചെയ്തതിനും ശേഷം ഇവർക്ക് ഇങ്ങനെയൊരു കാര്യത്തെപറ്റി ഓർമ്മപോലുമുണ്ടാകില്ല ചിലപ്പോൾ.രോഗ കാലത്തെ പെരുമാറ്റ വൈകല്യങ്ങൾ കൊണ്ട് രോഗി കുടുംബത്തിലും, സമൂഹത്തിലും ഒറ്റപ്പെട്ടേക്കാം.


ട്രീറ്റ്മെന്റ്

...............

മനുഷ്യ മനസ്സിന്റെ വൈകാരിക സന്തുലിതാവസ്ഥ നിലനിർത്താനാവശ്യമായ മൂഡ് സ്റ്റെബിലൈസർ വിഭാഗത്തിൽ പെട്ട സോഡിയം വാൽപ്രോയ റ്റ് ,ലാമോട്രിജിൻ പോലെയുള്ള മരുന്നുകൾ ഈ രോഗ ചികിത്സക്ക് ഉപയോഗിക്കുന്നു.

വിദഗ്ദനായ സൈക്കാട്രിസ്റ്റിന്റെ നേത്യത്വത്തിൽ ചികിത്സ  തുടരേണ്ടതാണ്.രോഗി

മദ്യപാനം, ലഹരി മരുന്നുകൾ,ഉറക്കമിളക്കൽ എന്നിവ ഒഴിവാക്കുകയും കടുത്ത മാനസീക സമ്മർദ്ദങ്ങളിൽ നിന്നും അകന്നനിൽക്കേണ്ടതുമാണ്.

ഇവരുടെ രോഗത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയോടെയും ,തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെ അനുഭാവ പൂർണമായ സഹകരണത്തോടെയും ഇവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാവും.

ഈ കോവിഡ് കാലം ബൈപോളാർ ഡിസോർഡർ രോഗികളെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയുടേതാകും, തൊഴിൽ നഷ്ടവും ,പ്രതിസന്ധിയിലാകുന്ന ജീവിത ലക്ഷ്യങ്ങളും, ആശങ്കകളും ഇവരുടെ മാനസീക നിലയെ താളം തെറ്റിച്ചേക്കാം ,ഈ നാളുകളിൽ സ്നേഹപൂർണ്ണമായ പിന്തുണയുമായി നിങ്ങൾ ഇവർക്ക് ഒപ്പമുണ്ടാക്കുക .

അത്ഭുതങ്ങളുടെ കലവറയായ മനുഷ്യ മസ്തിഷ്ക്കത്തിലെ രാസ വ്യതിയാനങ്ങൾ ആർക്കുമുണ്ടാകാം ,

ആർക്കും ഈ അവസ്ഥയുണ്ടായേക്കാം ,


കരുതാം നമുക്കിവർക്കായ് കരുതലിന്റെ ,

സ്നേഹത്തിന്റെ പിന്തുണയുടെ ഒരു കൈത്താങ്ങ്.

Thursday, October 22, 2020

Testimony of mushroom about tides

കവിത


തിരയെപ്പറ്റി കൂണുകൾക്ക്

        പറയാനുള്ളത്

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

           പ്രസാദ് എം .മങ്ങാട്ട്


കൂണുകൾ കുഞ്ഞുറുമ്പിന് കുടപിടിക്കുന്ന കരുതലായിരുന്നിട്ടും

ഉടൽ മുറിവുകൾക്കുമീതെ

തിരയമർന്നപ്പോഴൊന്നും

അരുതെന്ന് പോലും പറഞ്ഞില്ലെന്ന്.


കടലാഴങ്ങളിലെ ഏകാന്തത

തീക്കാറ്റിനേക്കാൾ ചുട്ടുപൊള്ളിക്കാറുണ്ടെന്ന്

കടൽച്ചിപ്പി.


ഋതുക്കളറിയാതെ അതിർത്തിയിൽ കണ്ടുമുട്ടിയ രണ്ട് പക്ഷികൾ

കൊക്കുകൾ കൊണ്ട് ഭാഷ മറക്കുകയും

ഉടൽമുറിവുകളിൽ മുഖം ചേർത്ത്

തൂവലിനാൽ കടലെടുത്തുപോകാത്തൊരു വീടുപണിയുന്നു.


കനലിൽ ചുട്ടെടുക്കുന്ന

അന്ത്യയത്താഴത്തിന്റെ അപരിചിത രുചിക്കൂട്ടുകൾ

വനരുചിയോർമ്മിപ്പിക്കുന്നു

ഹൃദയംകൊണ്ട് വീട് പണിയുന്നവരെ

ചുംബനം കൊണ്ട് ഒറ്റിക്കൊടുത്ത കാറ്റേ

മറക്കാതിരിക്കുക

കപ്പൽഛേദത്തിൽ മരിച്ചവരുടെ ആത്മാക്കളെങ്കിലും

അവർക്കൊപ്പമുണ്ടാകാതിരിക്കില്ല


Wednesday, October 21, 2020

ബലാൽസംഗം:നിർവചനവും, 2013 ൽ നിലവിൽവന്ന നിയമഭേദഗതികളും

ബലാൽസംഗം:

നിർവചനവും,

 2013 ൽ നിലവിൽ വന്ന നിയമഭേദഗതികളും

...................................

 By പ്രസാദ് എം മങ്ങാട്ട്

പ്രാചീന കാലത്തെ അപരിഷ്കൃത മനുഷ്യർ ആഹാരത്തിനു വേണ്ടി ഇര തേടുകയും ,

ഇണകൾക്കു വേണ്ടി പൊരുതുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു .

ആധുനീക മനുഷ്യനിലേക്ക് , തലമുറകളിലൂടെ രൂപാന്തരം പ്രാപിച്ചെങ്കിലും ഇര എന്ന സങ്കല്പം മാറിയിരുന്നു. അപരിഷ്കൃത മനുഷ്യൻ ആഹാരത്തിനു വേണ്ടി ഇര തേടിയപ്പോൾ ആധുനീക മനുഷ്യൻ ശരീരത്തിന്റെ വിശപ്പിന് സ്ത്രീയെ തികച്ചും അപരിഷ്കൃതമായി ഇരയാക്കുന്നു .

സ്ത്രീയുടെ ഇച്ഛക്കും, സമ്മതത്തിനും വിപരീതമായി ബലാൽക്കാരേണ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിനെ റേപ്പ് എന്ന് വിളിക്കാമെങ്കിലും 2013 ൽ ഇൻഡ്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിനെ നിർവചിക്കുന്ന സെക്ഷൻ  375 ൽ വലിയ തോതിലുള്ള ഭേദഗതികൾ വരുത്തുകയുണ്ടായി.

കൂടാതെ  376A,376B,376 C,376 D, 376E എന്നീ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു.

3-2-2013 ൽ പ്രാബല്യത്തിൽ വന്ന നിയമഭേദഗതി പ്രകാരം ബലാൽസംഗം എന്ന കുറ്റകൃത്യം എങ്ങനെ നിർവചിച്ചിരിക്കുന്നു എന്നു നോക്കാം:

Indian Penal code  1860

Section 375  Rape എന്ന കുറ്റ ക്യത്യത്തെ നിർവചിക്കുന്നു .

Rape_ ഒരാൾ ചുവടെ പ്രതിപാദിക്കുന്ന ഏഴ് സാഹചര്യങ്ങളിൽ 

(a) തന്റെ ലിംഗം ഒരു സ്ത്രീയുടെ

 യോനിയിലോ, 

വായിലോ, 

മൂത്ര ദ്വാരത്തിലോ മലദ്വാരത്തിലോ 

ഏതളവിൽ തന്നെ  കടത്തുകയോ ,

അവളെ  അയാളൊടൊപ്പമാ, മറ്റൊരൊളോടൊപ്പമോ അങ്ങനെ ചെയ്യിപ്പിക്കുകയോ


(b) ഏതളവിലായാലും 

ഏതെങ്കിലും

 വസ്തുവോ, ലിംഗമല്ലാത്ത ശരീര ഭാഗമോ അവളുടെ യോനിയിലോ ,

മൂത്ര ദ്വാരത്തിലോ, മലദ്വാരത്തിലോ കടത്തുകയും, 

അങ്ങനെ  അവളെ കൊണ്ട് അയാളൊടൊപ്പമോ ,

മറ്റൊരാളോടൊപ്പമോ ചെയ്യാൻ നിർബന്ധിക്കുകയോ


(c) അവളുടെ

 യോനി, മൂത്ര ദ്വാരം, മലദ്വാരം, അഥവാ മറ്റേതെങ്കിലും ശരീരഭാഗത്തോ ലിംഗം കടത്തണമെന്ന ഉദ്ദേശത്തോടെ ,അവളുടെ ശരീരഭാഗങ്ങൾ  ഉദ്ദീപിപ്പിക്കുകയോ, ആയത് ചെയ്യിപ്പിക്കുകയോ


(d) അയാളുടെ വായ അവളുടെ

 യോനിയിലോ,

 മൂത്ര ദ്വാരത്തിലോ, മലദ്വാരത്തിലോ ഉപയോഗിക്കുകയും, അയാളൊടൊപ്പമോ, മറ്റൊരാളോടൊപ്പമോ അവളെ  അങ്ങനെ ചെയ്യിക്കുകയും


ആയത് താഴെപ്പറയുന്ന 7 സാഹചര്യങ്ങളിലാകുകയും 

ഒന്നാമതായി - 

അവളുടെ ഇച്ഛക്ക് വിരുദ്ധമായി


രണ്ടാമത്- 

അവളുടെ സമ്മതമില്ലാതെ


മൂന്നാമതായി-

അവൾക്കോ ,

അവൾക്ക് വേണ്ടപ്പെട്ടയാർക്കെങ്കിലുമോ 

മരണ ഭീതിയോ 

പരുക്കോ എൽപ്പിക്കുക്കുമെന്ന 

ഭീതിയുണ്ടാക്കി സമ്മതം നേടിയോ


നാലാമതായി-

അവളുടെ നിയമ പ്രകാരമുള്ള  ഭർത്താവാണെന്ന് വിശ്വസിപ്പിച്ച് സമ്മതം നേടിയോ

അഞ്ചാമതായി- സ്വയമല്ലാതെ ലഹരിയുടെ നിയന്ത്രണത്തിലായിരിക്കുന്ന അവസ്ഥയിൽ സമ്മതം നേടിയോ

ആറാമതായി- 

അവൾ 18 വയസ്സിൽ താഴെയായിരിക്കെ സമ്മതത്തോടെയോ ,അല്ലാതെയോ

ഏഴാമതായി- സമ്മതം നൽകുന്നതിനെ സംബന്ധിച്ച് പ്രാപ്തയല്ലാത്ത അവസ്ഥയിലോ , 

ആദ്യ ഭാഗത്ത് a മുതൽ d വരെ നിർവചിച്ച പ്രവർത്തികൾ ചെയ്താൽ   

ആയത് ബലാൽസംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

കൂടാതെ ,

ശാരീകമായി എതിർത്തില്ല എന്ന കാരണം സമ്മതമായി കണക്കാക്കാനാവില്ല എന്നും,

1 .വൈദ്യ പരിശോധനയുടെ ഭാഗമായി ചെയ്യുന്ന നടപടികൾ റേപ്പിന്റെ പരിധിയിൽ വരില്ല

2. ഒരാൾ സ്വന്തം ഭാര്യയുമായി ചെയ്യുന്ന ലൈംഗീക ബന്ധം/പ്രവർത്തികൾ റേപ്പിന്റെ പരിധിയിൽ വരില്ല എന്നും പ്രസ്താവിക്കുന്നു.

Section 376 പ്രകാരം ബലാൽസംഗം

ഏഴുവർഷത്തിൽ കുറയാതെ,

 ജീവപര്യന്തം തടവ് വരെ പിഴയുൾപ്പെടെ 

ലഭിക്കാവുന്ന കുറ്റമാണ്.

Sec 376A പ്രകാരം ബലാൽസംഗത്തിന് ഇരയാകുന്ന വ്യക്തി മരണപ്പെടുകയോ,

ഏൽക്കുന്ന പരിക്കുകളാൽ മ്യത പ്രായമായ അവസ്ഥയിലാകുകയും ചെയ്താൽ 20 വർഷത്തിൽ കുറയാത്തതും, ജീവിതകാലം മുഴുവനായുള്ള തടവ് ശിക്ഷയോ,മരണശിക്ഷയോ ലഭിക്കുന്നതാണ്‌.

Sec 376 B പ്രകാരം വിവാഹമോചിതയായ ഭാര്യയെ മുൻ ഭർത്താവ് സമ്മതമില്ലാതെ ബലാൽസംഗംത്തിനിരയാക്കിയാൽ 2 വർഷത്തിൽ കുറയാത്തതും 7 വർഷം തടവും പിഴയും ലഭിക്കുന്നതാണ്.

376 C പ്രകാരം ഏതെങ്കിലും അധികാരസ്ഥാനത്തുള്ളവർ അധികാരമുപയോഗിച്ച് ഒരു സ്ത്രീയെ ബലാൽസംഗത്തിനിരയാക്കിയാൽ  5 വർഷത്തിൽ കുറയാത്തതും 10 വർഷം തടവും പിഴയും ലഭിക്കുന്നതാണ്

376 D ഗ്യാങ്ങ് റേപ്പ് :ഒന്നിലധികം ആളുകൾ ചേർന്ന് ഇരയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാൽ ഒരോ പ്രതിക്കും 20 വർഷത്തിൽ കുറയാത്തതും ,മരണം വരെ തടവ് ശിക്ഷ, ഇടാക്കുന്ന പിഴ ഇരയുടെ ചികിത്സക്കും, പുനരധിവാസത്തിനും പര്യാപ്തമാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു .

376 E പ്രകാരം മുൻപ് ബലാൽസംഗത്തിന് ശിക്ഷിക്കപ്പെട്ടവർ വീണ്ടും 

കുറ്റം ചെയ്താൽ മരണപര്യന്തം തടവോ ,

വധശിക്ഷയോ ലഭിക്കുന്നതാണ്.


കൂടാതെ ബലാൽസംഗ മോ,

ശ്രമമോ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ  

ഇരയെ 24 മണിക്കുറിനകം അവളുടെ യോ അവൾക്കു വേണ്ടി നൽകാൻ പ്രാപ്തയായ ആളുടേയോ സമ്മതത്തോടെ രജിസ്റ്റർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ അടുത്ത് വൈദ്യപരിശോധനക്ക് അയച്ച് ആയതിന്റെ വൈദ്യ പരിശോധനാ റിപ്പോർട്ട് സഹിതം ,

ഇരയെ ജുഡിഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തേണ്ടതുമാണ് 

എന്ന് CRPC Sec 164 (5A) യിൽ നിഷ്ക്കർഷിക്കുന്നു.


സംഭവസമയത്ത് ഇര ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകാതെ സൂക്ഷിക്കേണ്ടതാണ്. വസ്ത്രങ്ങളിൽ കണ്ടെത്തിയേക്കാവുന്ന ഉമിനീർ, ബീജ ശ്രവങ്ങൾ, രക്തം ഇവയൊക്കെ സംഭവത്തിന്റെ ശക്തമായ തെളിവുകളാണ്.


കുറ്റാരോപിതനായ വ്യക്തിയെ Crpc Section 53 A പ്രകാരം സംഭവം നടന്നതിന്റെ 16 KM പരിധിയിലുള്ള രജിസ്ട്രേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ അടുത്ത് ഹാജരാക്കി വൈദ്യ പരിശോധന നടത്തേണ്ടതാണ് .

പ്രതിയുടെ ശരീരത്തിൽ നിന്നും കുറ്റകൃത്യം നടന്നത് തെളിയിക്കുന്നതിലേക്കുൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമാണിത്

 ഈ അവസരത്തിൽ ഡോക്ടർ  പ്രതിയുടെ ലൈംഗീക ശേഷി പരിശോധന (Potency Test)നടത്തി ആയതിന്റെ റിപ്പോർട്ടും നൽകുകയും ചെയ്യുന്നു .


ഇരക്ക് ലഭ്യമാകുന്ന നിയമ പരിരക്ഷങ്ങൾ

............................


 ബലാൽസംഗത്തിത്തിനും, മറ്റ് ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്നവർക്ക് 

Cr PC Section 357 A പ്രകാരം അതിജീവനത്തിനാവശ്യമായ നഷ്ട പരിഹാരം ഇരക്ക്

ലഭ്യമാകുന്നതാണ്.

പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ടവർക്ക് കുറ്റകൃത്യം സംബന്ധിച്ച്‌ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിൽ അറിയിക്കേണ്ടതും വൈദ്യ പരിശോധന കഴിയുന്ന മുറക്ക് നഷ്ടപരിഹാരതുകയുടെ ആദ്യ ഗഡു ലഭിക്കുന്നതുമാണ്.

ചികിത്സ

...............

Cr pc Section 357 C പ്രകാരം ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് എല്ലാ സർക്കാർ ,സ്വകാര്യ ആശുപത്രികളും സൗജന്യമായി ചികിത്സ നൽകേണ്ടതും സംഭവം ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുമാണ്.


സ്വകാര്യത

...................

ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ പേര് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് IPC Section 228 A പ്രകാരം രണ്ട് വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.

ലൈംഗികത പരസ്പര ആദരവോടെ,നിയമാനുസൃതം അനുവർത്തിക്കേണ്ട ഒന്നാണെന്ന് നിയമം നമ്മളെ ഓർമ്മിപ്പിക്കുന്നു.

കാറ്റാടിപ്പാടം

കാറ്റാടിപ്പാടം
...................
ഫോട്ടോ By കൃപ നാരായണത്ത്

 

Tuesday, October 20, 2020

ഇലമുളച്ചി

ഇലമുളച്ചി
      ,,,,,,,,,,,,,,,,,,,,,,,
.🌱..................🌱

പ്രണയത്തോടെ
മണ്ണിൽ തൊടുമ്പോഴൊക്കെ
പുതുവേരുമിലകളുമായ്
പുനർജ്ജനിക്കുന്നവൾ



കുമിൾ

 കുമിൾ

..................

കുഞ്ഞുറുമ്പിന്

കുട പിടിക്കുന്ന

കരുതലാണ്

കുമിൾ



Route Map of Umesh vakkil

ഉമേഷ് വക്കീലിന്റെ റൂട്ട് മാപ്പ്

....................................................

   പ്രസാദ് എം മങ്ങാട്ട്

ബാനർജി റോഡിലെ ഒറ്റപ്പെട്ട കെട്ടിട സമുച്ചയത്തിലെ ഓഫീസിൽനിന്നും മീരയെ കൊണ്ട് വക്കാലത്തിലൊപ്പിടുവിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഉമേഷ് വക്കീൽ പറഞ്ഞു 

'മീരാ വരൂ ഒരു കപ്പ് കാപ്പി കുടിച്ച് പിരിയാം,

സാധാരണ കക്ഷികൾക്ക് അങ്ങോട്ട് ചായ വാങ്ങിക്കൊടുക്കാറില്ല, പക്ഷേ മീര ,ജോസ് വക്കീൽ പറഞ്ഞുവിട്ട കക്ഷിയാണ് .. നേവൽ ബേസിലാ ജോലി ഹസ് ഷിപ്പിയാർഡിലും.. കൊഹാബിറ്റേഷൻ പോയിട്ട് കൊച്ചുവർത്താനം പോലുമില്ലാതെ അടുക്കാൻ പറ്റാത്തത്ര അകന്നിരുന്നു രണ്ടാളും. 13 B പെറ്റീഷനിട്ട് തീർത്തുകൊടുക്കാനാ ജോസ് സാർ പറഞ്ഞത് .

13 B ഒരു ദുഃഖം തന്നെയാ .. പെട്ടന്നെല്ലാം അവസാനിപ്പിച്ച്..ഇനിയൊരിക്കലും മടങ്ങിവരവില്ലാത്ത മറ്റൊരു ലോകത്തേക്ക് രണ്ടാളും ...

സോറി ജോസ് സാർ ഞാനിത് ക്രൂവൽറ്റി ഗ്രൗണ്ടിട്ട് ... ഒന്നല്ല ഒമ്പതാക്കും .കസ്റ്റഡി, റിട്ടേൺ ഓഫ് ഓർണമെന്റസ്, അറ്റാച്ച്മെന്റ് ... പിന്നെ അതിൻമേൽ അല്ലറ ചില്ലറ റിട്ടുകളും ' ഉമേഷ് വക്കീൽ മനസ്സിലോർത്തു ..

'സാറേ അത്രക്കൊന്നും വേണ്ട ..മഹാരാജാസ്സീന്ന് തൊട്ടു പ്രേമിച്ചുകെട്ടീതാ ..ഒരു ടൈപ്പാ ആൾ എന്നേയുള്ളു.. .പെട്ടന്ന് എല്ലാം മുറിച്ച് പോവുമ്പോൾ ' മീര വല്ലാത്തൊരു വിഷാദത്തിലായി .

'പേടിക്കാനൊന്നുമില്ല ..കോടതിയെ അറിയാഞ്ഞിട്ടാ ..കേറി എറങ്ങി കൊറേ നടക്കുമ്പം പഠിക്കും ,പിന്നെ കൗൺസലിംഗ് ,മീഡിയേഷൻ, അദാലത്ത്  ...

'വിളിക്കാം സാർ' ആദ്യം വന്ന ഓട്ടോയ്ക്ക് കൈകാണിച്ച് കയറുമ്പോൾ ഉമേഷ് മീരയെ പാളി നോക്കി .. ഇപ്പോൾ ഊർന്നുപോകുന്ന മട്ടിൽ ഉടുത്തു വച്ച മജന്തസാരിയിൽ വല്ലാത്തൊരു ഭംഗിയാണ് മീരയുടെ വയറിന്..

കോസ് ടൈറ്റിലും ,പ്രെയർ ഭാഗവും നന്നായി എഴുതിച്ചേർത്ത ഒരഡാറ് ഡ്രാഫ്റ്റിംഗ് !

 ആ കാഴ്ചയിൽ സെക്കന്റ് അപ്പീലിലെ ഹിയറിംഗിലെന്ന പോലെ ഉമേഷ് വക്കീൽ വിയർത്തു..

 ഇതിലൊക്കെ ഉസ്താദായ സിജോ സാറാണ് കാര്യങ്ങൾ കുറച്ചു കൂടി സൈക്കോളജിക്കലി മൂവാക്കാൻ ഉപദേശിച്ചതും ആ വിലപ്പെട്ട മനശാസ്ത്രം പങ്കുവെച്ചതും' കുടുംബകോടതീൽ എത്തുന്ന കക്ഷികൾ ആദ്യ സ്റ്റേജിൽ ഭർത്താവിനോട് വല്ലാത്ത ഒരു പകയുമായാ എത്തുന്നത് ആ സമയം പീക്ക് മൊമന്റാ എന്തിനും വളയും ... പിന്നെ കയ്യീന്ന് പോയാ പോയി ...ബ്രയിൻ വാഷ് ചെയ്യാനും ഓതിക്കൊടുക്കാനും നൂറുകണക്കിന് തെണ്ടികളുണ്ട് അവിടെ,ഒത്തു വന്നാ കൊണ്ടുപോയി ചാമ്പിക്കോണം'

മാധവൻ വക്കീലിനേയും ജൂനിയറേയും ചേർത്ത് ബാറിൽ പറയുന്ന കഥകൾ കേട്ട് ആത്മനിന്ദതോന്നി, അതു വച്ചു നോക്കുമ്പോ തന്റെ ഓഫീസ് ഇപ്പോഴും കന്യകനാ ..ഉമേഷ് ഓർത്തു .. ശരിയാണ് മിക്കപ്പോഴും മാധവൻ സാറിന്റെ ഓഫീസ് അടച്ചിട്ടിരിക്കുന്നതു കാണാം .. വിസ്താരത്തിനായി കോൺട്രാ ഡിക്ക്ഷൻസ് മാർക്ക് ചെയ്യുകയോ .. തടിച്ച നിയമഗ്രന്ഥങ്ങൾക്കിടയിൽ സമയമെടുത്ത് റഫറൻസ് നടത്തുകയോ ആവുമെന്ന് ഓർത്തു ഞാനെന്തൊരു പൊട്ടനാ .മാധവൻ വക്കീൽ കിളിന്നു ജൂനിയേഴ്സിനൊപ്പം നടന്നു പോകുമ്പോൾ കാന്റീനിലിരുന്നു എന്നിട്ടും ആൾക്കാർ പിറുപിറുത്തു 'ജാഡേം പത്രാസുമേ ഉള്ളു പ്രസന്റേഷനൊക്കെ വളരെ മോശമാ'

മീര നന്നായി വായിക്കുമല്ലേ ..? പുസ്തകങ്ങൾ .. മൂന്നാലു ദിവസം കഴിഞ്ഞ് വെറുതെ വിളിച്ചപ്പോൾ ചോദിച്ചു ..

'ഉം ' മീര മൂളുക മാത്രം ചെയ്തു ..

ചെറിയ സ്പാർക്കുകൾ ഇട്ടു കൊടുത്ത് ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ..

മീരക്ക് ഷിപ്യാർഡ്കാരനിൽ നിന്നും കിട്ടാതെ പോയതിനൊക്കെ പകരമാകാൻ സിജോ വക്കീൽ ഉപദേശിച്ചത് ഉമേഷ് ഓർത്തു.

ഒറ്റപ്പെടലിൽ നിന്നും ആരെങ്കിലുമൊണ്ടെന്നുള്ള തോന്നൽ .. വല്ലാത്ത പോസിറ്റീവ് എനർജി .. കോൺഫിഡൻസ് ലെവൽ വാനോളം ഉയർത്തുന്ന കോട്ടുകൾ അങ്ങനെ ചിലതൊക്കെ..

മീരെക്കെന്തെങ്കിലും അഫയർ ഉണ്ടോ പുറത്ത് ?

ഒരിക്കൽ ഉമേഷ് ചോദിച്ചു

'എയ് അങ്ങനൊന്നുമില്ല' മീര പറഞ്ഞു

ഉണ്ടെങ്കിലും ഒന്നുമില്ല മീര .'ലൈഫ് ഓഫ് എ മാരിഡ് ലേഡി വിതൌട്ട് ആൻ എക്സട്രാ മാരിറ്റൽ റിലേഷൻഷിപ്പ് ഈസ് ടൂ ഹസാർഡസ്  ദാൻ പോയിസണസ് സബ്സ്റ്റനൻസ്' എന്നെവിടെയോ വായിച്ചിട്ടുണ്ട് .. ഉമേഷ് ധൈര്യം പകർന്നു..

 സന്തോഷ് കുമാറിന്റെ മെയിന്റനൻസ് എൻ ഹാൻസ്മെന്റിന് എതിരെയുള്ള അപ്പീൽ ഡ്രാഫ്റ്റ് ചെയ്യാൻ വെച്ചിട്ട് കുറേ നാളായി

അയാളൊരു വേദന തന്നെയാ ... ഡൽഹി പോലീസിലാരുന്നു .കിഡ്ണി രോഗിയായി നാട്ടിലെത്തിയതോടെ ഭാര്യ സിന്ധു സ്വന്തം വീട്ടിലേക്ക് മടങ്ങി ... കുറേ കാലം കഴിഞ്ഞ് കേസും കൊടുത്തു ..

വയ്യ സാറേ .ഇവള് ഞാൻ ചെലവിന് കോടതി പറഞ്ഞിട്ട് കൊടുക്കുന്ന കാശും വാങ്ങി അവനുമായി എന്റെ മുമ്പിക്കൂടാ കറക്കം 

... അയാൾ കരയാറായിരുന്നു അന്നു ആഫിസിൽ വന്നപ്പോൾ.ഒരോ വരവിനും ഒരാവശ്യമില്ലാതെ ബ്ലാങ്ക് ലെഡ്ജർ പേപ്പറിൽ ഒപ്പിട്ട് വാങ്ങി, ഡയാലിസിസിന് വച്ച പൈസ വരെ  ഫീസായും ബഞ്ച് ക്ലാർക്കിന് കൊടുക്കാനെന്നുമൊക്കെ പറഞ്ഞ് വാങ്ങിയതിൽ അന്നാദ്യമായി കുറ്റബോധം തോന്നി.ഇഷൂസ് ഫ്രെയിം ചെയ്യാൻ വച്ചേക്കുവാ കേസ് ,കോടതി ബഞ്ച് ക്ലർക്കിനും സൂപ്രണ്ടിനും ജീവനക്കാർക്കും കൈമടക്ക് കൊടുക്കേണ്ടി വരുമെന്ന് കക്ഷിയെ വിളിച്ചു വിരട്ടുന്ന രാജൻ സാറിനെ കണ്ടാ ഇതൊക്കെ പഠിച്ചത്!...

കണ്ടെയ്നർ റോഡിലൂടെ പോകുമ്പോൾ മീരയെ വിളിക്കണമെന്നു തോന്നി

.. പലതും പറഞ്ഞ് തുടങ്ങി ആവേശത്തോടെ മുന്നേറുമ്പോൾ അയാൾ പറഞ്ഞു ..

'മീരാ  പക്വത ഇല്ലായ്മയാണ് ഇന്നത്തെ ചെറുപ്പക്കാരുടെ പ്രശ്നം .. ഭംഗിയായി കൊണ്ടു പോയാൽ എക്സ്ട്രാ മാരിറ്റൽ അഫയർ പോലെ ഹൃദ്യമായ അനുഭവം വേറെയുണ്ടാവില്ല. നമ്മടെ വേവ് ലെങ്ങ്തുള്ളൊരാൾ ... ഒരിക്കലും പരസ്പരം ഭാരമാകാത്ത .. നന്നായി മനസ്സിലാക്കുന്ന ഒരാൾ ആണെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല....

ഉദാഹരണത്തിന് അസമയത്ത് ഒന്നും വിളിക്കാതെ ,ഇങ്ങോട്ട് വിളിക്കുമ്പോൾ മാത്രം തിരിച്ചുവിളിക്കുന്ന ,എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ......

അപ്പുറത്ത് നീണ്ട മൗനം ..

'മീര ' എന്തേ ഒന്നും പറഞ്ഞില്ല?

ഏയ് ഒന്നുമില്ല സാർ .സാറിന്റെ വൈഫ് ഇന്ദു ടീച്ചറിനെ ഓർത്തു .. ടീച്ചറിപ്പഴും ഇന്റർ  ഡിസ്ട്രിക്ട് ട്രാൻഫർ കിട്ടാതെ പാലക്കാട് സ്കൂളിൽ തന്നല്ലേ? 

അതെ  എന്തേ മീരാ ..?ഉമേഷ് ചോദിച്ചു

'സാർ പറഞ്ഞ പോലെ വേവ് ലെങ്ങ്തുള്ള ഒരാൾ ടീച്ചറെ കണ്ട് മുട്ടുന്ന രംഗം ഞാൻ വെറുതെ മനസ്സിലോർത്തു ...

 'മീരാ'  .... ഒരു നിലവിളിയോടെ ഉമേഷ് വക്കീൽ വിളറി വിയർത്ത് ഒതുക്കിയിട്ട സിഫ്റ്റിലേക്ക് ചാഞ്ഞു നിന്നു.പിന്നെ ടെൻഷനോടെ,ഇന്ദു ടീച്ചർ ഓൺ ലൈൻ ക്ലാസ്സിലാണെന്നറിഞ്ഞിട്ടും വീഡിയോ കോൾ വിളിക്കാൻ തുടങ്ങി ..

                      ...................

Bhanumathy

 ഭാനുമതി 

ഒരോർമ്മക്കുറിപ്പ്

...................പ്രസാദ് എം മങ്ങാട്ട്

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനാകെ നനഞ്ഞു കിടക്കുന്ന ഒരു പുലർച്ചെ ,

കൊല്ലത്തേക്ക് പോകാൻ ചെന്നെ മെയിൽ കാത്ത് രണ്ടാം പ്ലാറ്റ്ഫോമിലിരിക്കുന്നു,

പതിവില്ലാതെ  വളരെക്കുറച്ചാൾക്കാർ മാത്രം ...

തലേ ദിവസമാണ് പരിചയത്തിലുള്ള തങ്കപ്പൻചേട്ടനെന്ന ക്ലർക്ക് ഒരു വള്ളിക്കെട്ടുണ്ട് പോകാമോയെന്ന് ചോദിക്കുന്നത് ..

എന്താണെന്ന് ചോദിച്ചപ്പോൾ അപ്പുറത്ത് നിന്നിരുന്ന ഒരാളെ പരിചയപ്പെടുത്തിത്തന്നു..

'ഇനി നിങ്ങളായ്ക്കോ' എന്ന് പറഞ്ഞ് തങ്കപ്പൻചേട്ടൻ മുറിയിലേക്ക് പോയി ..

വന്ന കക്ഷി രണ്ട് CBSE സ്കൂളുകളുടെ ഉടമയാണ് ... കൊല്ലത്തുള്ള രണ്ട് ടീച്ചർമാർക്ക് നിയമനം നൽകാമെന്ന് പറഞ്ഞ് പണം തട്ടിച്ച വകയിൽ കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ അവർ ഇയാൾക്കെതിരെ പരാതി കൊടുത്തിട്ടുണ്ട് .. പിറ്റേന്ന് 10 മണിക്ക് സ്റ്റേഷനിൽ രണ്ട് കൂട്ടരേയും വിളിപ്പിച്ചിട്ടുണ്ട്, കുറച്ച് സാവകാശം കിട്ടാൻ സ്റ്റേഷനിൽ പോയി അവഥാ പറയണം .. ആയിരം രൂപയാണ് പ്രതിഫലം ..

സീനിയറോട് യുദ്ധം പ്രഖ്യാപിച്ച് പുറത്തായി നിക്കുന്ന സമയവും .. ഏത് ചാണകക്കുട്ടയും തലയിലേറ്റിപ്പോകുന്ന കാലം .. ക്വാട്ടേഷൻ വാങ്ങി താവളത്തിലേക്ക് ..

പിറ്റേന്ന് കൊല്ലത്തേക്ക് പോകാനായി ഓടിക്കിതച്ച് സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ ലേറ്റ് .. ജഡ്ജിയുടെ തെറി കേൾക്കുന്ന കേസിൽ വൈകിയെത്തുമ്പോൾ കോടതി സിറ്റിംഗില്ലെന്നറിയുന്ന ആശ്വാസം പോലെ ഒരിടത്തിരുന്നു ...

തോട്ടപ്പുറത്തെ സിമന്റു ബെഞ്ചിൽ ഒരു സ്ത്രീയും പത്ത് വയസ്സോളം പ്രായമുള്ള മകനും .. അവരുടെ അടുത്തു വന്ന് തമിഴിൽ സംസാരിക്കുന്നയാളോട് അ സ്ത്രീ ദേഷ്യത്തിൽ മറുപടി പറയുന്നുണ്ട് ..

കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മകനേയും കൊണ്ട് ഞാനിരിക്കുന്നിടത്തേക്ക് മാറിയിരുന്നു ..

ദൈന്യമെങ്കിലും ഐശ്വര്യമുള്ള മുഖം ..

ഞാൻ ആ ചെറുക്കനെ നോക്കി കാലിലൊക്കെ തിണർത്ത പാടുകൾ..

തമിഴൻ എന്തൊക്കെയോ പറഞ്ഞിട്ട് നടന്നു പോയി

.. 'ചേട്ടാ രാവിലെ മുതൽ തുടങ്ങീതാ അയാടെ ശല്യം ,അയാൾടെ ഒപ്പം ചെല്ലാൻ വിളിക്കുവാ ,

അവർ പറഞ്ഞു

എവിടേക്കാ ? ഞാൻ ചോദിച്ചു ..

ഒരു കരച്ചിലായിരുന്നു മറുപടി ..

അടുത്തുനിന്നവർ നോക്കാൻ തുടങ്ങി

അവർ അവസ്ഥ പറഞ്ഞു തുടങ്ങി

വീട് ഒറ്റപ്പാലം .. സ്വന്തം വീട് പത്തനംതിട്ട .. അച്ഛൻ ഒരു ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരുന്നു,അമ്മ ടീച്ചറും.. രണ്ട് സഹോദരന്മാരുമുണ്ട് .

കുറച്ചു ദിവസത്തെ പ്രണയത്തിനൊടുവിൽ വീട് പണിക്കെത്തിയ ആളോടൊപ്പം  നാടുവിട്ടതാണ്..

ആദ്യകാലങ്ങൾ സ്നേഹപൂർണ്ണമായിരുന്നു,മൂത്തത് മകളും ഇളയത് മകനും..മദ്യപാനശീലം രൂക്ഷമായി .. പിന്നെ അതിക്രൂര പിഡനങ്ങളായിരുന്നു .. മകളുടെ നേർക്കും അതിക്രമ ശ്രമങ്ങളുണ്ടായപ്പോൾ ഇവർ കുട്ടിയെ വെൽഫയർ ഹോസ്റ്റലിലാക്കി ..

നീണ്ട യാതനകൾക്കും പീഡനങ്ങളുടെയും ഒരു ദിവസം മരണ ഭീതിയിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തിയതാണ് .. പ്രാണരക്ഷാർത്ഥം രണ്ടു പേരും നീങ്ങിത്തുടങ്ങിയ ഒരു ട്രെയിനിലേക്ക് ചാടിക്കയറി .. പറ്റിയ ഇടം എത്തുമ്പോൾ

ചാടി മരിക്കണം എന്ന് വിചാരിച്ചു കംപാർട്ട്മെന്റിന്റെ തറയിൽ മകനേയും കെട്ടിപ്പിടിച്ചിരുന്ന് എപ്പഴോ ഉറങ്ങിപ്പോയതാണ് ..

ഇവിടിറങ്ങി .. 

'ഇനി എവിടേക്ക് പോകണമെന്നറിയില്ല

 കൊച്ചുങ്ങളെയോർക്കുമ്പം ചാകാനും തോന്നുന്നില്ല

ഇവനെയെങ്കിലും നല്ല നിലയിലെത്തിക്കണം'

 അവർ കരയുകയായിരുന്നു

ഞാൻ വല്ലാത്ത ധർമ്മ സങ്കടത്തിലായി ..

പ്ലാറ്റ്ഫോമിലെ ടീ ഷോപ്പിൽ നിന്നും രണ്ടാൾക്കും ചായ വാങ്ങിക്കൊടുത്ത് ഒന്ന് ഞാനും വാങ്ങിക്കുടിച്ചു നിൽക്കുമ്പോൾ ഞാൻ പെട്ടന്ന് എന്റെ ലോകോളജ് സഹപാഠിയും  ,ജനസേവ ശിശുഭവൻ സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന കൂട്ടുകാരനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .. ഇതിനോടകം പരിചയമുണ്ടായിരുന്ന ജോബ് കൺസൾട്ടൻസിയിലെ ഒരു ചേച്ചിയേയും വിളിച്ച് കാര്യം പറഞ്ഞു ...

കൂട്ടുകാരനും.. വിളിച്ച ചേച്ചിയും അവരെ സഹായിക്കാമെന്നേറ്റു ..

അവരെ സ്റ്റേഷനിലാക്കി ഞാൻ കൊല്ലത്തേക്ക് പോയി ... 


പോലീസ് സ്റ്റേഷനിലെത്തി SHO യോട്  കാര്യങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ വെളിയിൽ

ഒച്ചപ്പാട് കേട്ടു ..

ഒരു പോലീസുകാരൻ അകത്തേക്ക് വന്നു S. I യോട് പറഞ്ഞു

.. സാറേ കടപ്പുറത്തുള്ളോരാ 

മൊത്തം കലിപ്പിലാ..

അനുരഞ്ജനത്തിന് വന്നവർ പ്രതിയെ കിട്ടാത്തപ്പോൾ വക്കീലിനെ കൈ വെക്കുന്ന അവസ്ഥ..

' വക്കീലേ .. ഫോൺ ചെയ്യുന്ന മാതിരി പുറത്തിറങ്ങി വിട്ടോ

സീൻ പെശകാ..' S.I പറഞ്ഞു.

ഞാൻ പുറത്തിറങ്ങി  .. കടപ്പുറം തെറികളെ പിന്നിലാക്കി വളരെ ദൂരമോടിയപ്പോൾ ആദ്യം കണ്ട ഒരോട്ടോയിൽ കയറി റെയിൽവേ സ്റ്റേഷനിലിറങ്ങി ..

ജീവൻ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു..

രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ നടത്തിയ രാവിലത്തെ ശ്രമങ്ങളുടെ ചാരിതാർഥ്യത്തിന്റെ നിറവിലും .. ഒരോ അതിജീവനത്തിന്റെ പാലായനങ്ങൾ!


വൈകിട്ട് റൂമിലെത്തിയപ്പോൾ അവർ വിളിച്ചു .. മകനെ ജനസേവക്കാർ  കൊച്ചിയിലുള്ള ബോയീസ് ഹോമിലാക്കുകയും .. അവർക്ക് വൈറ്റിലയിൽ ,ഒരു ലേഡി ഡോക്ടറും കുഞ്ഞും മാത്രമുള്ള വീട്ടിൽ ജോലി കിട്ടുകയും ചെയ്തെന്നു പറഞ്ഞു ...

ഒരാഴ്ച കഴിഞ്ഞ് അവർ എന്നെ വിളിച്ചു.

....അ കുട്ടിക്ക് എന്നെ ഒന്നു കാണണമെന്ന് ..

അവരോടൊപ്പം ബോയിസ് ഹോമിലെത്തി അവനെ കണ്ടു .. അന്നു കണ്ടപ്പോൾ ക്ഷീണിതനായിരുന്ന അവന്റെ മുഖത്ത് സന്തോഷമായിരുന്നു ..

വരക്കുമെന്നറിഞ്ഞ് അവന് കുറച്ച് ചായപ്പെ ൻസിലും ,പേപ്പറും വാങ്ങി കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി ...

അവരുടെ അച്ഛൻ മരിച്ചശേഷം, കിട്ടേണ്ട ഓഹരിയെക്കുറിച്ച് സംശയം ചോദിക്കാനായി പിന്നെ ഒന്നു രണ്ട് തവണ കൂടി അവർ വിളിച്ചിരുന്നു ..

പിന്നെ അവരെക്കുറിച്ച് ഒരു വിവരവുമില്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ..

മരണത്തിന്റെ ചൂളംവിളിക്കൊടുവിൽ ..ജീവിതത്തിന്റെ മറുപുറത്തെവിടെയോ സമാധാനമായി അവർ ജീവിക്കുന്നുണ്ടാവണം .. 

കൈവിട്ടുപോയ ജീവിതം അവർ തിരികെപ്പിടിച്ചിട്ടുണ്ടാവാം..

ഭാനുമതിയെന്നവർ .. 

ദയാദാക്ഷണ്യങ്ങൾക്ക് ഒട്ടും മനസ്സിലിടമില്ലാതിരുന്ന എന്റെയാ വക്കീൽ കാലത്ത്..

അന്ന് 

രണ്ട് ജീവനുകൾ രക്ഷിക്കാൻ

 ഒപ്പം നിന്ന എന്റെയാ രണ്ട് 

കൂട്ടുകാരെയും സ്നേഹപൂർവ്വം ഇന്ന് ഞാൻ ഓർക്കുകയായിരുന്നു..

പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്

 പരീക്ഷയിൽ പരാജയപ്പെട്ടുവോ ? അതിജീവിക്കാൻ 6 വഴികൾ ........................... .............. അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത്...