Search This Blog

Saturday, November 28, 2020

പ്രാണനിരിക്കുമിടങ്ങൾ By പ്രസാദ് എം മങ്ങാട്ട്



പ്രാണനിരിക്കുമിടങ്ങൾ

..........................................

 പ്രസാദ് .എം .മങ്ങാട്ട്


ജെയ്സാൽമീറിൽ മഴനനഞ്ഞ്

രാത്രിമണാലിയിൽ ബസ്സിറങ്ങി

റൊട്ടാംഗ്പാസ്സിൽ പേരറിയാത്തൊരു മഞ്ഞു പൂവിനെ കവിൾചേർത്ത്

ബിയാസ്സിലെ ഉരുളൻ കല്ലുകൾ പെറുക്കി

ഗോപാലപുരത്തെ ചോളക്കാടുകൾക്കിടയിലൂടെ തനിയെപോവുന്നൊരു പെണ്ണിനെ ആശങ്കകൾക്കൊപ്പം കൂടണയാൻ വിട്ട്

നെല്ലിയാമ്പതിയിൽ ഒരപൂർവ്വ ശലഭത്തിന്റെ വീടുമുയിരും തേടിയലഞ്ഞ്

ഗവിയിലേക്കുള്ള അവസാന വണ്ടിയിൽ ആദ്യത്തെയാളായ്ക്കയറി

വീടെത്തുമ്പോൾ

വീടിരുന്നിടമൊരു തേക്കിൻ കൂപ്പ്

കണ്ണെത്താ ഉയരത്ത് ചില്ലകൾ കൊണ്ട് മുഖം മറച്ച് കൂടൊരുക്കുന്നു പെങ്ങൾ

അതേ മരത്തെ ആകുലതകൾക്കൊണ്ടു ചുറ്റിവരിയുന്ന രണ്ടതമ്പിൻ വള്ളികളായ് അപ്പനുമമ്മയും!

ഞാനുമവളും പൂത്തു നിന്നിരുന്ന വേലിയതിരിൽക്കൂടിപ്പോഴൊരു പുഴയാണൊഴുകുന്നത്

പുഴക്ക്

ബിയാസ്സിന്റെയതേ നിറം

ജെയ്സാൽമീറിലെയതേ മഴത്തണുപ്പ്!

Friday, November 20, 2020

Indian Penal code : പ്രധാന വകുപ്പുകളും ,ശിക്ഷയും By പ്രസാദ് എം മങ്ങാട്ട്


 Indian Penal code: പ്രധാന വകുപ്പുകളും ശിക്ഷയും

.......................................

sec 120 B കുറ്റകരമായ ഗൂഡാലോചന _

വധശിക്ഷ, ജീവപര്യന്തം ശിക്ഷ, 2 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഗൂഡാലോചനക്ക് കുറ്റത്തിന്റെ അതേ ശിക്ഷ ലഭിക്കുന്നതും

മറ്റുള്ള കുറ്റകൃത്യങ്ങളുടെ ഗൂഡാലോചനക്ക് 6 മാസം തടവും / പിഴയും / ഒരുമിച്ചോ ലഭിക്കുന്നതാണ്


Sec .121. രാജ്യത്തിന് എതിരായി യുദ്ധം സംഘടിപ്പിക്കുക/ യുദ്ധശ്രമം നടത്തുക:

 വധശിക്ഷ/ജീവപര്യന്തം തടവ്/പിഴ

sec 143: അന്യായമായ സംഘം ചേരൽ :  6 മാസം തടവ് /പിഴ /ഒരുമിച്ചോ


Sec 153A:

 മതം , വർഗം ഭാഷ ,വാസസ്ഥലം എന്നിവയുടെ പേരിൽ സ്പർദ്ധ ഉണ്ടാക്കുന്ന എല്ലാ പ്രവർത്തികളും:

3 വർഷം തടവ് / പിഴ


153 AA :

ആയുധ ധാരികളായി ജാഥയും, ഡ്രില്ലും, ട്രെയിനിംഗും അന്യായമായി സംഘടിപ്പിക്കുക/പങ്ക് ചേരുക: 6 മാസം തടവ് / 2000 പിഴ


Sec.166 :

ഗവൺമെന്റ് ഉദ്യോഗസ്ഥൻ നിയമം അനുസരിക്കാതെ ഏതെങ്കിലും വ്യക്തിക്ക് ഹാനികരമായി പ്രവർത്തിച്ചാൽ:

1 വർഷം തടവ് / പിഴ /ഒരുമിച്ചോ


166B: 

ലൈംഗിക അതിക്രമത്തിനിരയായവരെ ചികിത്സിക്കാതിരിക്കുന്ന ഗവൺമെന്റ്, പ്രൈവറ്റ് ,ആശുപത്രികൾ:

1 വർഷം തടവ് / പിഴ/ ഒരുമിച്ചോ 

Sec.168: 

ഗവൺമെന്റ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി  കച്ചവടത്തിൽ ഏർപ്പെടുകയോ,പങ്കെടുക്കുകയോ ചെയ്യുക : 1 വർഷം തടവ് / പിഴ / ഒരുമിച്ചോ


Sec.171 D: 

അൾമാറാട്ടം നടത്തി പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്: 1 വർഷം തടവ് / പിഴ / ഒരുമിച്ചൊ


Sec.172: 

സമൻസുകൾ, നോട്ടീസുകൾ ബോധപൂർവ്വം നിരസിക്കുന്നത്: ഒരു മാസം തടവ്/ 100 രൂപ പിഴ/ ഒരുമിച്ചോ


Sec.193: 

ജുഡീഷ്യൽ നടപടികളിൽ വ്യാജ തെളിവുകൾ നൽകുന്നതും/ഉണ്ടാകുന്നതും : 7 വർഷം തടവ് / പിഴ


Sec.195 A: 

വ്യാജ തെളിവ് നൽകാൻ ഭീക്ഷണിപ്പെടുത്തൽ: 7 വർഷം തടവ്/ പിഴ / ഒരുമിച്ചോ

Sec.204: 

തെളിവ് വസ്തുക്കൾ നശിപ്പിക്കുകയോ ,ഒളിപ്പിക്കുകയോ ചെയ്യുക: 2 വർഷം തടവ് / പിഴ / ഒരുമിച്ചോ


Sec.212 : 

കുറ്റവാളികളെ ഒളിപ്പിക്കുന്നത്:

5 വർഷം തടവ് /പിഴ


Sec.228 : 

ജുഡീഷ്യൽ നടപടിയെ തടസ്സപ്പെടുത്തുക / അപമാനിക്കുക: 6 മാസം തടവ് / 1000 രൂപ പിഴ/ഒരുമിച്ചോ


 Sec 228 A: 

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുടെ പേര് വിവരങ്ങൾ, തിരിച്ചറിയുന്ന സൂചനകൾ എന്നിവ പ്രസിദ്ധീകരികരിക്കുക: 

2 വർഷം തടവ്/പിഴ


Sec 270: 

ഹാനികരമായ രോഗങ്ങൾ പടർത്തുക / കാരണമാകുക:

2 വർഷം തടവ്/ പിഴ


Sec 279: പൊതുനിരത്തിലൂടെയുള്ള അശ്രദ്ധമായ ഡ്രൈവിംഗ്: 

6 മാസം തടവ് /പിഴ / ഒരുമിച്ചോ

Sec 280: 

ജലയാനങ്ങളുടെ     അശ്രദ്ധമായ ഓടിക്കൽ:  6 മാസം തടവ് / 1000 രൂപ പിഴ/ഒരുമിച്ചോ


sec 292: 

അശ്ശീല പുസ്തകങ്ങൾ / ലഘുലേഖകൾ, ചിത്രങ്ങൾ, പെയിന്റിംഗ് 

എന്നിവയുടെ വില്പന: 2 വർഷം തടവ് / 2000 രൂപ പിഴ/ഒരുമിച്ചോ


 Sec 294(a,b) മറ്റുള്ളവർക്കെതിരെയുളള

 അശ്ലീലമായ വാക്ക് പ്രവർത്തികൾ :

3 മാസം തടവ് / പിഴ / ഒരുമിച്ചോ


295 A: മതവികാരങ്ങളും ,വിശ്വാസങ്ങളും വ്യണപ്പെടുത്തമെന്നുള്ള ഉദ്ദേശത്തോടെയുള്ള പ്രവർത്തികൾ: 3 വർഷം തടവ് / പിഴ / ഒരുമിച്ചോ


Sec 296: 

നിയമ പ്രകാരമുള്ള മത കൂട്ടായ്മകളെ ശല്യം ചെയ്യുന്നത് : 1 വർഷം തടവ്/ പിഴ / ഒരുമിച്ചോ


Sec 302 

കൊലപാതകം:

വധശിക്ഷ/ ജീവപര്യന്തം തടവ് / പിഴ


 Sec 304:  കൊലപാതകമല്ലാത്ത നരഹത്യ :

 Intention ഉണ്ടെങ്കിൽ : 

ജീവപര്യന്തം തടവ്/10 വർഷം തടവ് / പിഴ

 മരണം സംഭവിക്കും എന്ന Knowledge ഉള്ള പക്ഷം: 10 വർഷം തടവ്/ പിഴ / ഒരുമിച്ചോ


sec 304 A: 

അശ്രദ്ധ ഹേതുവായ മരണം : 2 വർഷം തടവ്/ പിഴ / ഒരുമിച്ചൊ


sec 304 B :

 സ്ത്രീധന പീഡന മരണം :

7 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്നതും

Sec 306: 

ആത്മഹത്യാ പ്രേരണ : 

10 വർഷം തടവും പിഴയും


Sec 307: വധശ്രമം

10 വർഷം തടവും പിഴയും


Sec.326: 

മാരകമായ ആയുധമോ മാർഗങ്ങളോ ഉപയോഗിച്ച്‌ ഗുരുതരമായ പരിക്കേൽപ്പിക്കൽ:

ജീവപര്യന്തം തടവ് / 10 വർഷം തടവ് /പിഴ


sec 326 A

ആസിഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ:

10 വർഷം തടവിൽ കുറയാത്തതും ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്നതും/ പിഴയും

Sec . 341: 

അന്യായമായ തടയൽ: 1 മാസം തടവ് 100 രൂപ പിഴ / ഒരുമിച്ച്

Sec 341: 

അന്യായ തടങ്കൽ: 1 വർഷം തടവ് 1000 രൂപ പിഴ / ഒരുമിച്ച്


Sec 354: 

സ്ത്രീയെ മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയുള്ള അതിക്രമം ,കയ്യേറ്റം : 

ഒരു വർഷം തടവിൽ കുറയാത്തതും

5 വർഷം വരെ തടവ് കിട്ടാവുന്നതും /

പിഴ

354 A: ലൈംഗികാതിക്രമം:

3 വർഷം തടവ്/ പിഴ / ഒരുമിച്ചോ


354 B: 

സ്ത്രീയെ വിവസ്ത്രയാക്കുന്നതിനായുള്ള കയ്യേറ്റവും, അതിക്രമവും:  3 വർഷത്തിൽ കുറയാത്തതും 7 വർഷം വരെ ലഭിക്കാവുന്നതുമായ തടവു ശിക്ഷ / പിഴ


354 C വോയറിസം - സ്ത്രീകളുടെ സ്വകാര്യ പ്രവത്തികൾ നോക്കുകയോ, ചിത്രം പകർത്തുകയോ ചെയ്യുക

ആദ്യതവണയായാൽ: 

1 വർഷത്തിൽ കുറയാത്തതും  3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും/ പിഴയും

രണ്ടാമതും ,തുടർന്നുമുള്ള കുറ്റത്തിന്: 3 വർഷത്തിൽ  കുറയാത്തതും 7 വർഷം വരെ തടവ് ലഭിക്കാവുന്നതും/ പിഴയും


354 D സ്റ്റോക്കിംഗ്:

സ്ത്രീയുടെ ഇഛക്ക് വിരുദ്ധമായി അവരുമായി

ഇലക്ട്രോണിക്ക് മാധ്യമങ്ങൾ വഴിയോ 

അല്ലാതെയോ ബന്ധം പുലർത്താൻ ശ്രമിക്കുന്നത്

,അവരുടെ ഇലക്ട്രോണിക്, ഇന്റെ നെറ്റ്, ഇ.മെയിൽ, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ നിരീക്ഷിക്കുന്നത്:

3 വർഷം തടവും പിഴയും


sec 363:

 തട്ടിക്കൊണ്ടു പോകൽ : 

7 വർഷം തടവ് പിഴയും


Sec 376: 

ബലാൽസംഗം:

7 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം തടവ് ശിക്ഷ വരെയും / പിഴയും

376 A : ബലാൽസംഗത്തിലുണ്ടാകുന്ന പരിക്കുകൾ, ഇരയുടെ മരണത്തിൽ കലാശിക്കുകയോ, ഇര ജീവഛവമാകുകയോ  

ചെയ്താൽ:

20 വർഷത്തിൽ കുറയാത്തതും ജീവിതാവസാനം വരെയുള്ള തടവ് ശിക്ഷയോ, വധശിക്ഷയോ   നൽകുന്നതാണ്.


Sec 376 D: 

കൂട്ട ബലാൽസംഗം: 20 വർഷത്തിൽ കുറയാത്തതും ജീവിതാവസാനം വരെ യുള്ള കഠിന തടവും, പിഴയും

Sec 379: 

മോഷണം:

3 വർഷം തടവ് / പിഴ / ഒരുമിച്ചോ


Sec 384: 

കവർച്ച:

3 വർഷം തടവ് / പിഴ / ഒരുമിച്ചോ

Sec 420.വഞ്ചന: 

7 വർഷം തടവ് / പിഴ


Sec429: 

അന്യായ മാർഗങ്ങളിലൂടെ 50 രൂപക്ക് മുകളിൽ മൂല്യമുള്ള മൃഗങ്ങളെ കൊല്ലുന്നത്:

5 വർഷം തടവ് / പിഴ / ഒരുമിച്ചോ

Sec.452: 

കയ്യേറ്റം, തടഞ്ഞുവെക്കൽ, പരിക്കേൽപ്പിക്കൽ എന്നിവക്കായുള്ള അതിക്രമിച്ചു കടക്കൽ: 7 വർഷം തടവും പിഴയും

Sec 468: വഞ്ചനക്കായുള്ള വാജരേഖ ചമക്കൽ: 7 വർഷം തടവ് / പിഴ 


Sec 489 A:

 കള്ളനോട്ടടി: 10 വർഷം മുതൽ

ജീവപര്യന്തം തടവോ / പിഴയും

Sec 489 C: 

കള്ളനോട്ട് കൈവശം വെക്കൽ:

7 വർഷം തടവ് / പിഴ / ഒരുമിച്ചോ


Sec.494: 

വിവാഹ ബന്ധം നിലനിൽക്കെ വിവാഹം കഴിക്കൽ:

7 വർഷം തടവ് പിഴയും


 Sec 498 A: 

സ്ത്രീധന പീഡനം: 3 വർഷം തടവ് / പിഴ

Sec 500: അപകീർത്തിപ്പെടുത്തൽ:

2 വർഷം തടവ് / പിഴ / ഒരുമിച്ചോ

Sec 502: അപകീർത്തികരമായ വസ്തുതകൾ അച്ചടിക്കുക, പ്രസിദ്ധീകരിച്ച് വിൽക്കുന്നത്: 

2 വർഷം തടവ് / പിഴ/ ഒരുമിച്ചോ


Sec 509- 

വാക്ക്, ആംഗ്യം, പ്രവർത്തി എന്നിവയാൽ സ്ത്രീത്വത്തെ അപമാനിക്കൽ : 3 വർഷം തടവ് / പിഴ

Sec 510: 

മദ്യപിച്ച് പൊതുസമൂഹത്തിൽ അപമര്യാദയായി പെരുമാറൽ : 

24 മണിക്കൂർ തടവ്/ പിഴ / 10 രൂപ പിഴ / ഒരുമിച്ചോ

Sec 511: 

കുറ്റകൃത്യ ശ്രമങ്ങൾ : ജീവപര്യന്തം തടവ് ശിക്ഷയുൾപ്പെടയുള്ള കുറ്റകൃത്യങ്ങളുടെ ശ്രമങ്ങളും കുറ്റകരമാകുന്നതും, ആയതിന് പ്രത്യേക ശിക്ഷ പരാമർശിക്കാത്ത പക്ഷം 

 പ്രസ്തുത കുറ്റത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള ശിക്ഷയുടെ പകുതി ശിക്ഷയും, പിഴയും നൽകുന്നതുമാണ്.

Thursday, November 19, 2020

മരങ്ങളോടൊപ്പം ജീവിക്കാം By പ്രസാദ് എം മങ്ങാട്ട്


 മരങ്ങളൊടൊപ്പം       ജീവിക്കാം

................................

പ്രസാദ് എം മങ്ങാട്ട്


മരങ്ങൾ ഭൂമിക്ക് കുടപിടിക്കുന്നു. മരങ്ങളേയും കിളികളേയും കണി കണ്ടുണരുന്ന ഒരു പുലർവേളയെപ്പറ്റി ഒന്നോർത്തു നോക്കു. ടൈൽസ് പാകിയ വീട്ടുമുറ്റങ്ങളിൽ ഇന്ന് മരങ്ങളില്ല ,മഴവെള്ളവുമില്ല. 

പ്രതിവർഷം ഒരു മരം പുറപ്പെടുവിക്കുന്നത് ഏകദേശം 117 കിലോഗ്രാം ഓക്സിജനാണ്. അതായത് രണ്ടേ രണ്ടു വൃക്ഷങ്ങൾ വീട്ടിലുണ്ടെങ്കിൽ ഒരു നാലംഗകുടുംബത്തിന് ഒരു വർഷം സുഖമായി ജീവിക്കാനുള്ള ഓക്സിജൻ ആ മരങ്ങൾ നൽകും. 

അടുത്തിടെ ചൈനയിൽ ഓക്സിജൻ കുപ്പിയിലടച്ച് വിൽപനയ്ക്കെത്തിയത് വൻവാർത്തയായിരുന്നു. ഒരു സ്പ്രേ ബോട്ടിലിന്റെ അത്രയും ഓക്സിജന് 3990 രൂപയായിരുന്നു വില. അങ്ങനെയാണെങ്കിൽ ഒരു കൂട്ടം മരങ്ങൾക്കിടയിൽ ജീവിക്കുന്നവരാണ് ശരിക്കും സമ്പന്നർ.

41,600 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഒരു കാർ പുറന്തള്ളുന്ന കാർബൺ എത്രമാത്രമായിരിക്കുമെന്നോർക്കുക. അത്രയും കാർബൺ വലിച്ചെടുത്തു ശുദ്ധീകരിക്കുന്നുണ്ട് ഓരോ മരവും പ്രതിവർഷം. 

അതായത് ഒരു ജീവിതകാലത്തിനിടെ ഏകദേശം ഒരു ടണ്ണിലേറെ.

മരങ്ങൾ നമുക്ക് ജീവവായു നൽകുന്നതോടൊപ്പം

വീടിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിച്ചാൽ സൂര്യപ്രകാശത്തിൽ നിന്നും കനത്ത കാറ്റിൽ നിന്നും സംരക്ഷണമുറപ്പാണ്.

മരങ്ങൾ അന്തരീക്ഷ താപനിലയെ ഭദ്രമാക്കുന്നു.

 വീടിനകത്ത് സ്വച്ഛമായ കുളിർമ ലഭ്യമാകുമെന്നു മാത്രമല്ല എസി ഉപയോഗം 30% വരെ കുറയ്ക്കാനുമാകും. മരങ്ങളുടെ എണ്ണം വീടിനു ചുറ്റും കൂടുന്നതിനനുസരിച്ച് എസിയുടെ ഉപയോഗവും കുറയുമെന്നർഥം. അതുവഴി വൈദ്യുതി ബില്ലിലും ലാഭം.

മരങ്ങളൊരുക്കുന്ന തണൽ വഴി ലാഭിക്കാനാകുന്നത് വലിയൊരു തുകയായിരിക്കും. അതായത് എസിക്കും മറ്റ് കൂളിങ് സംവിധാനങ്ങൾക്കും വേണ്ടി പ്രതിവർഷം ചെലവാക്കുന്ന തുകയിൽ അത്രയും കുറവു വരുമെന്നർഥം.

ഇങ്ങനെ മരങ്ങൾ ചെയ്യുന്ന സഹായങ്ങളെല്ലാം വച്ച് അവയ്ക്കൊരു വിലയിട്ടാൽ ഒരു മരത്തിന് ഏകദേശം ആറര ലക്ഷം രൂപ മൂല്യം വരും.  യഥാർത്ഥത്തിൽ ഒരു മരത്തിന്റെ മൂല്യം വിലമതിക്കാനാകാത്തതാണ്.

പക്ഷികളുടെ ആവാസവ്യവസ്ഥക്ക് സമൃദ്ധമായ മരങ്ങൾ അവശ്യമായിരിക്കുന്നു. വീടിന് ചുറ്റും മരങ്ങൾ നട്ടുവളർത്താൻ നമുക്കും വേണം ഒരു ഗ്രീൻ കോഡ്.വീട് പണിയാൻ അനുമതി നൽകുമ്പോൾ മരങ്ങളും വച്ചുപിടിപ്പിക്കേണ്ടത് നിയമമാകണം.

Wednesday, November 18, 2020

Taro leaf: Vanishing miracle dish By Prasad M manghattu

ചേമ്പ്ന്താൾ:

അപ്രത്യക്ഷമാകുന്ന അത്ഭുത രുചി

.............................................

പ്രസാദ് എം മങ്ങാട്ട്


അയൽ സംസ്ഥാനത്തുനിന്നും പച്ചക്കറിവണ്ടിയെത്തുന്നതും കാത്തിരിക്കുന്ന ഇക്കാലത്ത് ചേമ്പിനെപ്പറ്റിയുള്ള വിചാരങ്ങൾ നല്ലതാണ്.

ടൈൽസ് പാകിയ മുറ്റങ്ങൾ അരങ്ങ് വാഴുന്ന ഇക്കാലത്ത് ചേമ്പിനെ ആര് ഓർക്കാൻ!

അടുത്തറിയുമ്പോഴാണ് ഗുണം കൊണ്ട് ആളൊരു താരമാണെന്ന് മനസ്സിലാകുന്നത്.

ഇലയും തണ്ടുമെല്ലാം കറികകള്‍ക്കും തോരനുമായി ഉപയോഗിക്കാം.

ചേമ്പിന്റെ ഇല, പ്രത്യേകിച്ചും തളിരില ഏറെ സ്വാദുള്ള നാടന്‍ ഇലക്കറിയാണ്. 

സ്വാദു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഇത് ഇപ്പോള്‍ വളപ്പില്‍ ലഭിയ്ക്കുന്നവര്‍ പോലും പലപ്പോഴും അവഗണിയ്ക്കാറാണ് പതിവ്. 

ചേമ്പില കൊണ്ടു തോരന്‍ വച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

ചേമ്പിന്റെ ഇളം ഇലകള്‍ തോരന്‍ വച്ചു കഴിയ്ക്കാന്‍ ഏറെ നല്ലതാണ്. 

മറ്റേത് ഇലക്കറികളേയും പോലെ, നമ്മുടെ പറമ്പില്‍ തന്നെയുള്ളതു കൊണ്ട് കെമിക്കലുകളെ ഭയക്കുകയും വേണ്ട.

പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, ആസ്‌കോര്‍ബിക് ആസിഡ്, അയേണ്‍, റൈബോഫ്‌ളേവിന്‍, തയാമിന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, പൊട്ടാസ്യം, നിയാസിന്‍, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്.

ചേമ്പിലയില്‍ കൊളസ്‌ട്രോള്‍ തീരെയില്ലെന്നതാണ് ഒരു ഗുണം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതു നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുളളവര്‍ക്ക് ശീലമാക്കാവുന്ന ഒരു ഭക്ഷണമാണിത്. ഇതിലെ ഡയറ്റെറി ഫൈബറും മെഥിയോനൈന്‍ എന്ന വസ്തുവുമാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ദഹനം എളുപ്പമാക്കാന്‍ ഇത് സഹായിക്കുന്നു. കുടല്‍ ആരോഗ്യത്തിന് ഏറെ ആരോഗ്യകരമായ ഇത് മലബന്ധം നീക്കാനും ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം അകറ്റാനും കുടല്‍ ക്യാന്‍സര്‍ തടയാനുമെല്ലാം ഏറെ ആരോഗ്യകരമാണ്. ഇതിലെ ഫൈബറുകളാണ് കുടല്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നത്.

ഹൃദയാരോഗ്യത്തിന്

 ഉത്തമമാണ് താളില. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഗുണം തന്നെയാണ് ഏറെ ഗുണകരം. ഇതിനൊപ്പം ഇതിലുള്ള പൊട്ടാസ്യം ബിപി നിയന്ത്രണത്തിനും ഏറെ സഹായകമാണ്. സ്‌ട്രോക്കിനും ഹൃദയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന രക്തത്തിലെ ഹീമോസെസ്റ്റീന്‍ തോതു കുറയ്ക്കാന്‍ ചേമ്പില ഏരെ നല്ലതാണ്.

ഇലക്ട്രോളൈറ്റ് ബാലന്‍സ്

ശരീരത്തിന് നല്‍കുന്ന ഒന്നാണിത്. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇത് കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം തോതു നല്‍കും. മസില്‍ വളരാനും ഹൃദയത്തിനും കാര്‍ബോഹൈഡ്രേറ്റുകളുടെ ബ്രേക്ക് ഡൗണിനും ആസിഡ് ബേസ് നില നിര്‍ത്തുന്നതിനുമെല്ലാം പൊട്ടാസ്യം ഏറെ പ്രധാനമാണ്.

ഇതു വേവിച്ചു കഴിയ്ക്കുന്നത് ക്യാന്‍സറുകള്‍ തടയാന്‍ സഹായകമാണെന്നു പഠനങ്ങള്‍ പറയുന്നു. കുടല്‍ ക്യാന്‍സര്‍ മാത്രമല്ല, മറ്റു ക്യാന്‍സറുകളും. 

ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നതാണ് കാരണം. വൈറ്റമിന്‍ സി കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷിയും മെച്ചപ്പെടുന്നു. കൊറോണക്കാലത്ത് നമ്മുടെ പ്രതിരോധശേഷിയുയർത്താൻ താൾ ശീലമാക്കാം.

അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചേമ്പിലത്തോരന്‍. അയേണ്‍ സമ്പുഷ്ടമായ ഇത് ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. 

ഇതു കൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം പരിഹരിയ്ക്കുന്നു. അയേണ്‍ കുറവിലൂടെ ഓക്‌സിജന്‍ രക്തത്തിലൂടെ ശരീര ഭാഗങ്ങള്‍ക്കു ലഭ്യമാകാതിരിയ്ക്കുന്നത് ക്ഷീണത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്.

കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയതു തന്നെയാണു ഗുണം നല്‍കുന്നത്. മയോപ്പിയ, തിമിരം തുടങ്ങിയ പല രോഗങ്ങളും അകറ്റി നിര്‍ത്താന്‍ ഇതു കൊണ്ടു സാധിയ്ക്കുന്നു.

ശരീരത്തിലെ കോശങ്ങളുടെ നാശം തടയുന്നതിന് ഏറെ ഉത്തമമാണ് ചേമ്പില. ഇതിലെ ഫിനോളിക് ആസിഡ്, കരാറ്റനോയ്ഡുകള്‍ എന്നിവയെല്ലാം തന്നെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളവയാണ്. ആന്റിഓക്‌സിഡന്റുകള്‍ കോശനാശം നടയാന്‍ ഏറെ അത്യാവശ്യമാണ്. ഇതിലെ വൈറ്റമിന്‍ സിയും ഈ ഗുണം തന്നെയാണു നല്‍കുന്നത്.

ചര്‍മത്തിന്റ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ചര്‍മ കോശങ്ങള്‍ക്കു പ്രായമേറുന്നതു തടയുന്ന ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ എ, ബി, സി, മാംഗനീസ്, സിങ്ക്, കോപ്പര്‍, സെലേനിയം, പൊട്ടാസ്യം എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഇതിലെ ഡയറ്റെറി ഫൈബറുകള്‍. ഇതില്‍ കലോറിയും സാച്വറേറ്റഡ് കൊഴുപ്പും തീരെ കുറവാണ്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുത്തുന്നതും സഹായിക്കുന്നു.

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയുന്ന ഒന്നാണിത്. ഇതിലെ പ്രോട്ടീനുകള്‍, ബി വൈറ്റമിനുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. അയേണ്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തി കോശങ്ങളിലേയ്ക്ക് ഓക്‌സിജന്‍ എത്തിയ്ക്കുന്നതും ഊര്‍ജത്തിന് സഹായിക്കുന്നു.

ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ ഗര്‍ഭകാലത്തു കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഫോളേറ്റുകള്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നു. ഇത് ഭ്രൂണത്തിനുണ്ടാകാന്‍ സാധ്യതയുള്ള ശാരീരിക വൈകല്യങ്ങള്‍ ഒഴിവാക്കാനും അത്യാവശ്യമാണ്. 

ഹൈപ്പര്‍ ടെന്‍ഷന്‍ ഒഴിവാക്കാനുള്ള ഒന്നു കൂടിയാണിത്. സോഡിയവും കൊഴുപ്പും കുറവാണെന്നതാണ് ഗുണം നല്‍കുന്നത്.

ഹൈപ്പർ മാർക്കറ്റുകളിൽ ക്യൂ നിന്ന്  കായ്കനികൾക്ക് സ്വർണ്ണവില നൽകി മടങ്ങുമ്പോൾ മറന്നു പോകരുത് വൈറ്റമിനുകളുടെ രാജാവ് നമ്മുടെ പറമ്പിൽത്തന്നെയുണ്ട്.


Tuesday, November 17, 2020

മുക്കുറ്റി ,കുറുന്തോട്ടി പിന്നെ മഷിത്തണ്ട് By പ്രസാദ് എം മങ്ങാട്ട്

മുക്കുറ്റി, കുറുന്തോട്ടി പിന്നെ മഷിത്തണ്ട്

....................................

പ്രസാദ് എം മങ്ങാട്ട്


മൂന്നുപേരും സ്ക്കൂളിൽ അസംബ്ലിക്ക് നിർത്തിയപോലെ നിരന്നു നില്പാ ഒറ്റ ഫ്രെയിമിൽ! 


ഒന്നാമൻ ഇത്തിരിമഷിത്തണ്ടൻ

സ്ലേറ്റുകാലത്ത് ഇവൻ കയ്യിലുണ്ടേൽ ക്ലാസ്സിൽ ഹീറോയായിരുന്നു.

പണ്ട് ക്ലാസ്സിൽ കുട്ടികൾ സ്ലേറ്റ് വൃത്തിയാക്കാനായി കൊണ്ടുവന്നിരുന്ന മഷിത്തണ്ട് പുതിയ തലമുറക്ക് നോസ്റ്റാൾജിയയായി മാറിയിയിരിക്കുന്നു.


രണ്ടാമൻ മൂക്കുറ്റി ,

തോട്ടിൽ നിന്ന് ചെളിമണ്ണ് വാരി കുട്ടിക്കാലത്ത് വീട് വക്കുമ്പോൾ തെങ്ങായി നട്ടുവച്ചിരുന്നത് ഇതിനെയാണ്.

പണ്ട് ഒരു മഴക്കാലത്ത് കുന്നിൻ മുകളിലെ സ്കൂളിലെ ക്ലാസ്സ്മുറിയിൽ നിന്നും ബാപ്പയ്ക്കൊപ്പം യാത്ര പോലും പറയാതെ ,

മഴയിലൂടെ നടന്നു മറഞ്ഞ റഹിയാനത്തിനെപ്പോലെ മെലിഞ്ഞ സുന്ദരി .മുക്കുറ്റി

സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.


മുന്നാമൻ കുഞ്ഞൻ കുറുന്തോട്ടി

പണ്ട് വല്യമ്മ പറിച്ചോണ്ട് വരാൻ പറഞ്ഞു വിടുമ്പോൾ ,പറിക്കാൻ പാകത്തിൽ ചിരിച്ച് നിന്ന് തന്നവനാ ...വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ‍ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.

ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു.

നന്നായി ഓർമ്മയുണ്ട്..

ഞങ്ങളിവുടുണ്ടെന്ന് പറയാതെ പമ്മി നില്പാ  മൂന്നാളും ...


Monday, November 16, 2020

നിങ്ങൾക്കും അറസ്റ്റ് ചെയ്യാം By പ്രസാദ് എം മങ്ങാട്ട്

 നിങ്ങൾക്കും അറസ്റ്റ് ചെയ്യാം

........................................

 By


പ്രസാദ് എം .മങ്ങാട്ട്


നിങ്ങൾക്കു മുമ്പിൽ ഒരു കുറ്റകൃത്യം നടക്കുമ്പോൾ, അധികാരമുണ്ടായിരുന്നെങ്കിൽ തടഞ്ഞേനെ എന്ന് വിചാരിച്ച് നിങ്ങളുടെ ധാർമ്മികരോക്ഷമുണരാറില്ലേ?

എങ്കിൽ

നിങ്ങൾ ഒരു സ്വകാര്യ വ്യക്തിയാണെങ്കിൽ പോലും കുറ്റകൃത്യം ചെയ്തയാളെ നിങ്ങൾക്കും നിയമപ്രകാരം അറസ്റ്റു ചെയ്യാം.

ക്രിമിനൽ നടപടിക്രമം (CRPC 1973) സെക്ഷൻ 43 പ്രകാരം ,നിങ്ങളുടെ സാന്നിദ്ധ്യത്തിൽ ജാമ്യം ലഭിക്കാത്തതതും ,

CRPC ഒന്നാം ഷെഡ്യeളിൽ പറഞ്ഞിരിക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്നാലും, ഒരു പ്രഖ്യാപിത കുറ്റവാളിയെ കണ്ടെത്തിയാലോ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാവുന്നതും ,അപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ഓഫീസർക്ക് കൈമാറേണ്ടതും

പോലീസ് ഉദ്യോഗസ്ഥനെ കിട്ടാതെ വന്നാൽ പ്രതിയെ

ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാവുന്നതുമാണ്

Sunday, November 15, 2020

True Feminism-By Prasad M Manghattu

ട്രു ഫെമിനിസ്സം

...........................

പ്രസാദ് എം മങ്ങാട്ട്


ഫെമിനിസ്സത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദയാഭായിയെ ഓർമ്മ വരും. അഭിമാനത്തോടെയും   ആദരവോടയും ഓർക്കുന്ന വനിത.

ദയാഭായ് ,

എന്നും ആദരവ് തോന്നുന്ന ഒരു റിയൽ ഫെമിനിസ്റ്റ്.

1941 ൽ പാലാ പൂവരണിയിൽ ജനിച്ച്,

 പതിനാറാം വയസ്സിൽ കന്യാസ്ത്രീ പഠനത്തിനായ് മദ്ധ്യപ്രദേശിലേക്ക് പോയ മേഴ്സി മാത്യു കർമ്മമേഖല തിരിച്ചറിഞ്ഞ് അവിടുത്തെ 

ആദിവാസികളുടെ ഉന്നമനത്തിനായ് ,

വിശേഷിച്ച് സ്ത്രീകളുടെ സാക്ഷരത ഉയർത്തുന്നതിനായ് കഴിഞ്ഞ 50 വർഷത്തിലധികമായ് പ്രവർത്തിക്കുന്ന

ആദരണീയ ..

പല യാത്രകളിലും നേരിട്ടു  കണ്ട് സംസാരിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് .. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി സഹിച്ച യാതനകൾ കേട്ട് അമ്പരന്നിട്ടുണ്ട് ..

മീഡിയയുടെ രാജരഥ്യയിൽനിന്നകന്ന്, കർമ്മം കൊണ്ട്

അന്തസത്ത അന്വർത്ഥമാക്കുന്ന റിയൽ' ഫെമിനിസ്റ്റ്

സ്ത്രീകളുടെ സാമ്പത്തിക ,സാമൂഹ്യ ,സാംസ്ക്കാരിക തുല്യതയെ/ ഉന്നതിയെ ഉയർത്തിപ്പിടിക്കുന്ന 

വലിയ ആശയപദ്ധതിയാണ് ഫെമിനിസ്സം.

ഈ ആശയം ഉയർത്തിപ്പിടിക്കുന്ന,അതിന്റെ ഭാഗമാകുന്ന പെണ്ണും ,ആണും ഫെമിനിസ്റ്റുകൾ തന്നെയാണ്.


ദാ ഇപ്പോൾ ഒരു കൂട്ടം

സ്വന്തം പ്രതികാരത്തിന് പോലും ഈ ആശയത്തിന്റെ ലേബൽ കൊടുത്ത്, അതിന്റെ വാക്താക്കൾച്ചമഞ്ഞ്

വലിയൊരു സ്ത്രീ മുന്നേറ്റ ആശയത്തെ അട്ടിമറിക്കുന്നു, തെറ്റിദ്ധരിപ്പിക്കുന്നു

ഗംഭീരം.. 

എന്നും സ്ത്രീത്വത്തിന്റെ നിറംകെടുത്തുന്ന

ലഹരി മാഫികൾക്കെതിരെയുള്ള പോരാട്ടത്തിൽ ,

സ്ത്രീധനത്തിനെതിരെ, 

കർഷക വിരുദ്ധ നയങ്ങൾക്കെതിരെ,

കൊറോണാക്കെടുതിയിലും വൻ ഫീസുകൾ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ

പോരാടുന്നവരെ, 

സ്ത്രീകളുടെ തുടർസാക്ഷരതാ പദ്ധതികളിൽ വിയർപ്പൊഴുക്കുന്നവരെ

എല്ലാം മറന്ന്/മാറ്റി നിർത്തി ,

മീഡിയയുടെ മിഴിവിൽ മാത്രം പത്തിവിടർത്തുന്ന

കുമ്മാട്ടിക്കളിയിൽ ,

പണിയെടുത്തു ജീവിക്കുന്ന പെണ്ണിന്റെ വിണ്ടുകീറിയ കാല്പാദത്തിന് മുകളിൽ

ഉള്ളം തൊടവരെക്കാണിച്ച് ഇട്ട സ്നാപ്പ് ചലഞ്ചുകളിൽ ഫെമിസ്സം ജീവിക്കുന്നു എന്നുമാത്രം കൊട്ടിഘോഷിക്കരുത് ..

പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കരുത്..


ദയാഭായിയെപ്പോലുള്ളവരുടെ ജീവിതത്തിൽ നിന്നും പകർത്തണം പച്ചഫെമിനിസ്സം..BC 400 ൽ ഏതൻസിന്റെ ഭരണത്തിൽ കരുത്തരായ സ്ത്രീകളേയും ഉൾപ്പെടുത്തണമെന്നു വാദിച്ച പ്ലേറ്റോയും നല്ല ഫെമിനിസ്റ്റായിരുന്നു.

പഞ്ചമിയുടെ കൈപ്പിടിച്ച് പളളിക്കുടത്തിലേക്ക് നടത്തി അക്ഷര വിപ്ലവം ഉയർത്തിയ നവോഥാന നായകൻ അയ്യങ്കാളിയും ഫെമിനിസ്റ്റാണ്


അല്ലാതെ പുരുഷൻമാരെ മുഴുവൻ ശത്രുപക്ഷത്ത് നിർത്തി യുദ്ധം ചെയ്യുന്ന അസംതൃപ്തരുടെ ആൽമരക്കൂട്ടങ്ങൾങ്ങൾക്കടിയിലേക്ക്

ഫെമിനിസ്സത്തെ വലിച്ചിഴക്കരുത് 

പ്ലീസ്..


Friday, November 13, 2020

അതിർത്തികൾ

✒️ കവിത


        അതിർത്തികൾ

  🌱🌱🌱🌱🌱🌱🌱

        പ്രസാദ് എം മങ്ങാട്ട്


പക്ഷികളുടെയാകാശത്തിൽ നിങ്ങൾ അതിർത്തികൾ ഉയർത്തുന്നു

കവാടങ്ങളിൽ നിങ്ങളവരോട് അടയാളങ്ങൾ ചോദിക്കുന്നു

ഋതുക്കളെ 

വേർതിരിച്ച്

പൂക്കളെ കാൽക്കീഴിൽ ഞെരിക്കുന്നു

മലനിരകൾ കടന്നെത്തുന്ന 

മേഘം അതിർത്തിയെക്കുറിച്ച്

വേവലാതിപ്പെടാതെ 

പെയ്ത് നദികളിൽ നിറയുന്നു

ഒറ്റയുടലിനെ പലപേരുകളാൽ

 മുറിച്ചിട്ടും

തീരം എല്ലാവർക്കുമായി കാത്തിരിക്കുന്നു

അതിർത്തി 

കടന്നെത്തുന്ന കാറ്റ് മരങ്ങളെ ചുറ്റിവരിയുന്നു

ചില്ലകളിൽ മഞ്ഞു 

പൊഴിയിക്കുന്നു

സൗമ്യതയോടെ 

വിരിഞ്ഞ

പൂവിനെ 

പേരുകൾ കൊണ്ട് തൊട്ടറിഞ്ഞ്

അതിർത്തിക്കപ്പുറത്തേക്ക് പറഞ്ഞയക്കുന്നു.

ഇതെന്റെയാകാശം

ഇതെന്റെയും ഭൂമി എന്നോർത്ത്  മരങ്ങൾ തണൽ കൊണ്ട് അതിർത്തിയെ മറികടക്കുന്നു!

Wednesday, November 11, 2020

തുമ്പികൾ

തുമ്പികൾ

.........................

      പ്രസാദ് എം മങ്ങാട്ട്


തൊടിക്കപ്പുറം  മറഞ്ഞേപോയ്  തീക്കറുപ്പൻ തുമ്പികൾ

കാലിലിപ്പോഴും കല്ലുവേദനിക്കാറുണ്ടെന്ന്

നിഴൽത്തുമ്പി

മഴകഴിഞ്ഞിട്ടും വരാതെയായ് 

മുളവാലൻ തുമ്പികൾ

നിനച്ചിരിക്കാത്ത നേരത്തെന്നെ തൊട്ടുരുമ്മിപ്പറന്നുപോയ് മലമുത്തൻ തുമ്പി

ഇനിയും പിടി തരാതെ 

 പറക്കുന്നു അരുവിയൻ തുമ്പി

ഓണത്തിനെങ്കിലും

വരാതിരിക്കില്ല

കടുവാത്തുമ്പികൾ

മുളങ്കാടുകളിപ്പോഴും 

ഓർത്തുവെക്കുന്നു

ചുറ്റിപ്പറക്കുന്ന 

പെരുങ്കണ്ണൻ തുമ്പിക്കൂട്ടങ്ങളെ.

രാത്രി മരങ്ങളെ തൊടുമ്പോൾ

എന്നെ ചുറ്റിപ്പറക്കുന്നു

കുറേ നീർമുത്തൻ തുമ്പികൾ


Thursday, November 5, 2020

Rape Case and medical examination of victim

 ബലാൽസംഗക്കേസിലെ വൈദ്യപരിശോധനയുടെ പ്രധാന്യം

.......... ..................................


ബലാൽസംഗമോ ,ശ്രമമോ  റിപ്പോർട്ട് ചെയ്യപ്പെട്ടാൽ

 ഇരയാക്കപ്പെട്ടയാളെ,

വിവരം കിട്ടി 24 മണിക്കൂറിനകം ഗവൺമെന്റ് രജിസ്ട്രേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ അടുത്ത് എത്തിച്ച് വൈദ്യ പരിശോധന നടത്തണമെന്ന് ക്രിമിനൽ നടപടിക്രമം സെക്ഷൻ 164A ൽ വ്യക്തമാക്കുന്നു.

വൈദ്യപരിശോധന നടത്തുന്നതിന് ഇരയുടേയോ ,ഇരക്കു വേണ്ടി ഉത്തരവാദിത്തപ്പെട്ട വ്യക്തിക്കോ വൈദ്യ പരിശോധനക്ക് സമ്മതം നൽകാവുന്നതാണ്.


പരിശോധനയുടെ ലക്ഷ്യങ്ങൾ, നടപടിക്രമങ്ങൾ

....................................

വൈദ്യപരിശോധന നടത്തുന്ന ഡോക്ടർ പരിശോധന നടത്തി റിപ്പോരട്ടിൽ താഴെ പ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കേണ്ടതാണ്.


1. ഇരയുടെ പേരും വിലാസവും ,ആരാൽ വൈദ്യ പരിശോധനക്ക് എത്തിച്ചു എന്നും

2. ഇരയുടെ പ്രായം

3.ഡി.എൻ.എ പ്രൊഫൈലിംഗിനായി ഇരയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച വസ്തുക്കളുടെ വിവരണം

4. ഇരയുടെ ശരീരത്തിലെ മുറിവടയാളങ്ങൾ സംബന്ധിച്ചുള്ള വിവരണം

5. ഇരയുടെ പൊതു മാനസീകാവസ്ഥയെ സംബന്ധിച്ചുള്ള പരിശോധനാ വിവരം.


പരിശോധന ആരംഭിച്ച സമയവും പൂർത്തിയായ സമയവും റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതാണ്.

വൈദ്യ പരിശോധ റിപ്പോർട്ട് അന്വഷണ

ഉദ്യോഗസ്ഥൻ അന്തിമ റിപ്പോർട്ടിനോപ്പം കോടതിയിൽ സമർപ്പിക്കേണ്ടതാണ്.

Monday, November 2, 2020

പെണ്ണുടൽ വ്ലോഗിംഗ് By പ്രസാദ് എം മങ്ങാട്ട്

 🌱പെണ്ണുടൽ വ്ലോഗിംഗ്🌱

......................................(കവിത)

പ്രസാദ് എം. മങ്ങാട്ട്


കാറ്റിൽ നിന്നും പൂവിലേക്കെന്നപോലെ

പെണ്ണുടലിലൂടൊരു യാത്ര പോകണം

മെല്ലെ മെല്ലെത്തെളിഞ്ഞു കാണാം

പ്രാർത്ഥനകൾ കൂട്ടിയിട്ട ചെറുകുന്നുകൾ!

ഉഷ്ണക്കാറ്റിന്റെ പെരുമുഴക്കങ്ങളിൽ പേടിച്ചൊളിക്കുന്ന കലമാനുകളുടെ ഉയിരിടങ്ങൾ

അരുതായ്മയുടെ ഖബറിടങ്ങൾ

പ്രണയത്തിന്റെ ഫോസിലുകൾ


വിഹ്വലതയുടെ ഒരു പറ്റം ചെമ്മരിയാടുകളെ തളിരിലകൾ തിന്നാൻ വിട്ട്

അവൾ ഒറ്റക്കാകുന്ന ഇടവേളകളുണ്ട്

നഷത്രങ്ങൾ വാരിവിതറി

പച്ചപ്പുൽമേടുകളിലൂടെ കുന്നുകയറിപ്പോകുന്ന ലഹരിനേരങ്ങളാണത്.

ആഴങ്ങളിൽ ദാഹമൊളിപ്പിച്ച്

മഴത്തുള്ളികളെ കൈകാട്ടി വിളിക്കുന്ന ചില ഭ്രാന്തൻ നട്ടുച്ചകൾ കയറി വരും ഇടക്കിടെ


അധിനിവേശത്തിന്റെ

അടയാളങ്ങളൊന്നും

സൂചികയാൽ രേഖപ്പെടുത്താത്ത 

ചില സമതലങ്ങളിൽ നിങ്ങളെത്തിയേക്കാം

പിന്തിരിഞ്ഞു നടന്നേക്കുക

പക്ഷികളവളുടെ ചുമലിലേക്ക് 

പറന്നിറങ്ങുന്ന നേരമാത്രയാകാമത്

ചിലപ്പോൾ

ഉപേക്ഷിക്കപ്പെട്ട വിത്തുകൾ

മുള പൊട്ടി

ആകാശത്തിലേക്ക് മിഴിതുറക്കുന്ന സമയവുമാകാം

  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

.............................


പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്

 പരീക്ഷയിൽ പരാജയപ്പെട്ടുവോ ? അതിജീവിക്കാൻ 6 വഴികൾ ........................... .............. അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത്...