മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചർ
......................................
പ്രകൃതിയുടെ ജൈവതാളം അത്രമേൽ ഹൃദയകാരിയായ് കവിതയിലേക്കു പകർത്തി, മലയാളത്തിന്റെ കാവ്യ ചാരുത മറഞ്ഞു പോയിരിക്കുന്നു .
ഇനി രാത്രിമഴയുടെ താളം നിലക്കാത്ത നൊമ്പരത്തിന്റേതുമായിരിക്കുന്നു .
1934 ജനുവരി 22 ന് ആറൻമുളയിലെ വാഴുവേലിൽ തറവാടിലാണ് ജനനം. കവികളും ,സംസ്കൃത പണ്ഠിതരും, സ്വാതന്ത്ര്യ സമര സേനാനികളുമായിരുന്ന ബോധേശ്വരനും , കാർത്ത്യായനിയമ്മയുമായിരുന്നു ടീച്ചറുടെ മാതാപിതാക്കൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഗവേഷണം തുടരുന്നതിനിടയിലാണ് ടീച്ചർ സാഹിത്യ ,സാമൂഹ്യ രംഗത്ത് സജീവമാകുന്നത് .
പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും, എഴുത്തുകാരനുമായിരുന്ന Dr. വേലായുധൻ നായരായിരുന്നു ജീവിത പങ്കാളി .
ഏക മകൾ ലക്ഷ്മി.
ഇരുപതിലധികം കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട് .
പാതിരാപ്പൂക്കൾ, രാത്രിമഴ, ഇരുൾ ചിറകുകൾ, സ്വപ്ന ഭൂമി, അമ്പലമണി, മണലെഴുത്ത് എന്നിവ പ്രസിദ്ധമാണ് .
1968ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ,1978 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,
1984 ൽ വയലാർ അവാർഡ് ,
1982 ൽ ഓടക്കുഴൽ അവാർഡ്
1991 ൽ ആശാൻ പ്രൈസ് പുരസ്ക്കാരം
2012 ൽ സരസ്വതി സമ്മാൻ പുരസ്ക്കാരം,
ഭാട്യ അവാർഡ്,
പ്രഥമ ഇന്ദിരാഗാന്ധി വൃക്ഷ മിത്ര അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ടീച്ചറെ തേടിയെത്തി.
2006 ൽ രാജ്യം പദ്മശ്രീ നൽകിയാദരിച്ചു.
പ്രകൃതി സംരക്ഷണ സമിതി മെമ്പർ സെക്രട്ടറിയും,
സേവ് സൈലന്റ് വാലി സമരങ്ങളുടെ അമരക്കാരിയുമായിരുന്നു.
ഒരിക്കൽ തിരുവനന്തപുരത്തുള്ള ഗവൺമെന്റ് മാനസീക രോഗ ചികിത്സാ കേന്ദ്രം സന്ദർശിച്ചപ്പോൾ
കണ്ട കാഴ്ച ടീച്ചറെ അത്യധികം വേദനിപ്പിച്ചു.
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരും, രോഗികളും ,നിരാലംബരുമായ സ്ത്രീകളുടെ ശോചനീയമായ അവസ്ഥ
ടീച്ചറെ 'അഭയ ' എന്ന സംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു.
കേരള വനിതാ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷ തുടങ്ങി പ്രോജ്വലമായ ഒട്ടേറെ പദവികൾ ടീച്ചർ അലങ്കരിച്ചിട്ടുണ്ട്.
പ്രശസ്ത എഴുത്തുകാരി പ്രൊഫ .ബി .ഹൃദയകുമാരി ടീച്ചർ,സുജാതാ ദേവി എന്നിവർ സഹോദരിമാരാണ്.
പ്രകൃതിയോടുള്ള നിതാന്തമായ ദയാ വായ്പും ,
സന്ധിയില്ലാത്ത മാനവിക കാഴ്ചപ്പാടുകളും ടീച്ചറുടെ കവിതകളുടെ ജൈവ താളമായി നിറഞ്ഞുനിൽക്കുന്നു.
മലയാളവും മഴയുമുള്ള കാലത്തോളം ടീച്ചറുടെ കവിതകളിലേക്ക് നമുക്ക് ഓടിയെത്താതിരിക്കാനാവില്ല.